
ശിവഗിരി: മനുഷ്യന് വേണ്ടതായ എല്ലാ ദർശനവും കോർത്തിണക്കിയാണ് മഹാഗുരു ആത്മോപദേശശതകം രചിച്ചതെന്നും, അകവും പുറവും മിനുക്കിയ രാജശില്പിയാണ് ശ്രീനാരായണഗുരുദേവനെന്നും സ്വാമിനി നിത്യചിന്മയി പറഞ്ഞു.
പുതുവത്സരത്തിൽ ലോകത്തിനു മുമ്പിൽ സമർപ്പിക്കാൻ മൂല്യവത്തായത് ആത്മോപദേശശതകമാണെന്നും ശിവഗിരിയിൽ ആദ്ധ്യാത്മിക സത്സംഗത്തിൽ നടത്തിയ പ്രഭാഷണത്തിൽ സ്വാമിനി പറഞ്ഞു. ആത്മോപദേശ ശതകത്തിലെ മിക്കവാറും പദ്യങ്ങളിൽ ബിംബകല്പിതമായ ദർശനങ്ങളെയാണ് ഗുരുദേവൻ അവതരിപ്പിക്കുന്നത്. ഇന്ദ്രിയ സംയമനമുണ്ടായ മനസുകളിൽ മാത്രമേ ആത്മോന്മുഖതയുടെ സൗന്ദര്യം വിടരൂവെന്നും അവർ പറഞ്ഞു. സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി ഗുരുപ്രകാശം സ്വാഗതവും ധന്യാ ബെൻസാൽ നന്ദിയും പറഞ്ഞു.
ഫോട്ടോ: തീർത്ഥാടനത്തോടനുബന്ധിച്ചു നടന്ന ആദ്ധ്യാത്മിക സത്സംഗത്തിൽ സ്വാമിനി നിത്യചിന്മയി സംസാരിക്കുന്നു. സ്വാമി ധർമ്മചൈതന്യ, സ്വാമി ഗുരുപ്രകാശം, ഗൗരിനന്ദന എന്നിവർ സമീപം.