വെള്ളറട: സഹകരണ ബാങ്കിലെ നിക്ഷേപത്തുക പിൻവലിക്കാനെത്തിയ വൃദ്ധയ്ക്ക് മകളുടെ വായ്പാകുടിശികയുടെ പേരിൽ പണം നൽകിയില്ലെന്ന് പരാതി. അമ്പൂരി സ്വദേശി റോസമ്മ പോളാണ് (83) അമ്പൂരി സർവ്വീസ് സഹകരണ ബാങ്കിനെതിരെ പൊലീസിൽ പരാതി നൽകിയത്. 7.81 ലക്ഷം രൂപയോളം രൂപയാണ് റോസമ്മ പോളിന്റെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്നത്. ഈ തുകയാണ് ഇന്നലെ മകളോടൊപ്പം പിൻവലിക്കാനെത്തിയത്. എന്നാൽ മകളുടെ പേരിൽ വായ്പാ കുടിശിക ഉണ്ടെന്നും, അത് തിരിച്ചുപിടിച്ച ശേഷം ബാക്കി തുകമാത്രമേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ എന്നാണ് പരാതി.
ഭർത്താവ് ജിവിച്ചിരുന്നപ്പോൾ തന്റെ പേരിൽ നിക്ഷേപിച്ച തുകയാണിതെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും ഇവർ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതർ വഴങ്ങിയില്ലെന്നും ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഓഡിറ്ററും ചേർന്ന് മാനസികമായി പീഡിപ്പിച്ചെന്നും വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കുമായി ബന്ധപ്പെട്ട പൊലീസ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പണം തിരികെ നൽകുന്നതിന് തടസങ്ങളെന്നും ഇല്ലെന്നും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നുമാണ് ബാങ്ക് പ്രസിഡന്റ് പറയുന്നത്.