
നെയ്യാറ്റിൻകര: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറത്തെത്തുന്ന തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു. ഒരേസമയം 5000 പേർക്ക് ഗുരുപൂജ പ്രസാദം വിതരണം ചെയ്യാനായി ക്ഷേത്രാങ്കണത്തിൽ കൂറ്റൻ പന്തലൊരുക്കിയിട്ടുണ്ട്.
തീർത്ഥാടന ദിവസങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണം ക്ഷേത്രാങ്കണത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അലോപ്പതി - ആയുർവേദ- ഹോമിയോ ചികിത്സാ സേവനം ലഭ്യമാണ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. ശുദ്ധജല വിതരണം, വൈദ്യുതി ഇവയ്ക്കായി വകുപ്പുകൾ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
ട്രാഫിക് നിയന്ത്രണത്തിന് വനിതാപൊലീസ് അടക്കം 150 പൊലീസ് ഉദ്യോഗസ്ഥരെ ക്ഷേത്രാങ്കണത്തിൽ വിന്യസിച്ചിട്ടുണ്ട്. എക്സൈസിന്റെ പ്രത്യേക സ്‌ക്വാഡും ഫയർഫോഴ്സിന്റെ സേവനവും ലഭിക്കും. കേരളബാങ്കിന്റെ അരുവിപ്പുറം ശാഖ വഴി പ്രത്യേക എക്സ്റ്റൻഷൻ കൗണ്ടർ വഴിയായിരിക്കും ക്ഷേത്ര വഴിപാട് രസീതുകൾ നൽകുന്നതെന്നും സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.