news

പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ തീരുമാനമെന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം:മൂവായിരത്തി അഞ്ഞൂറു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 111കിലോമീറ്റർ ശബരി റെയിൽ പാതയുടെ ആകാശ സർവേ ( ലിഡാർ )​ കേരളം ഇന്നലെ പൂർത്തിയാക്കി. അഞ്ച് വർഷം മുമ്പ് അലൈൻമെന്റ് പൂർത്തിയാക്കിയ എഴുപത് കിലോമീറ്റർ കഴിഞ്ഞുള്ള 41കിലോമീറ്ററിലാണ് കേന്ദ്ര നിർദ്ദേശപ്രകാരം ചെറുവിമാനം ഉപയോഗിച്ച് സർവേ പൂർത്തിയാക്കിയത്. ഇതിന്റെ ഡേറ്റ ഒരുമാസം കൊണ്ട് ലഭിക്കും. രണ്ട് മാസത്തിനകം പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് കേരള റെയിൽ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ) അറിയിച്ചു.

പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാൽ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ ഉറപ്പുനൽകിയതിനെ തുടർന്നാണ് കേരളം നടപടികൾ വേഗത്തിലാക്കിയത്. പദ്ധതി ചെലവിന്റെ പകുതി വഹിക്കാനും നിർമ്മാണം ഏറ്റെടുക്കാനും കേരളം സന്നദ്ധത അറിയിച്ചിരുന്നു.

ശബരി റെയിൽ പദ്ധതി 2020ൽ മരവിപ്പിച്ച ദക്ഷിണറെയിൽവേയുടെ നടപടി തിരുത്തുകയാണ് ഇനി വേണ്ടത്. ഭൂമിയേറ്റെടുക്കാൻ ഭൂമി വിലയുടെ 30ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകേണ്ടിയിരുന്നത് കേരളം വേണ്ടെന്നു വച്ചിട്ടുണ്ട്. 900കോടിയിലേറെയാണ് ഭൂമിയേറ്റെടുക്കാൻ ചെലവ്. 20വർഷം മുൻപ് പദ്ധതിക്കായി 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വിൽക്കാനോ ഈട് വച്ച് വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്. പദ്ധതി മരവിപ്പിച്ചത് ഒഴിവാക്കി, ഭൂമിയേറ്റെടുക്കൽ തുടങ്ങണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ-സംസ്ഥാന സംയുക്ത കമ്പനിയെ നിർമ്മാണം ഏൽപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ

2016ൽ സ‌ർവേയിലൂടെ 70 കിലോമീറ്റർ അലൈൻമെന്റ് തയ്യാറാക്കി

അതിന്റെ എസ്റ്റിമേറ്റ് 2020ൽ പുതുക്കി റെയിൽവേയ്ക്ക് നൽകി

പുതുക്കിയപ്പോൾ എസ്റ്റിമേറ്റിൽ 20% വർദ്ധന

ശേഷിക്കുന്ന 41കിലോമീറ്ററിലെ സർവേ ഇന്നലെ പൂർത്തിയാക്കി

മൊത്തം 111കി.മീ പാതയ്ക്ക് 2017ൽ 2815കോടി കണക്കാക്കി

എസ്റ്റിമേറ്റ് പുതുക്കുമ്പോൾ 3500 കോടിയായി ഉയർന്നേക്കും.

ചെലവ് കുറയ്ക്കാൻ

എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കൺസട്രക്‌ഷൻ (ഇ.പി.സി) രീതിയിൽ 20 % ചെലവുകുറക്കാം. ഇതിൽ ഡിസൈനും നിർമ്മാണവും കരാറുകാരുടെ ചുമതലയാണ്.

എലിവേറ്റ‌ഡ് പാതകൾ കുറയ്ക്കും

അലൈൻമെന്റിൽ ഉയരം, കട്ടിംഗ്, ഫില്ലിംഗ് എന്നിവ ഏകീകരിക്കാം

ഉയരത്തിൽ മണ്ണിടുന്നതിന് പകരം പാലങ്ങൾ

പത്തു കിലോമീറ്റർ വീതം പല കരാറുകാരാണ് റെയിൽവേയുടെ രീതി.

പകരം ഒറ്റ ടെൻഡർ നൽകിയാൽ ചെലവുകുറയും

അങ്കമാലി-എരുമേലി

(111കി.മി)

1997ൽ
പ്രഖ്യാപിച്ചതാണ് ശബരിപാത

7കിലോമീറ്റർ

മാത്രമാണ് (അങ്കമാലി-കാലടി) ഇതുവരെ നിർമ്മിച്ചത്