ആര്യനാട്: കഞ്ചാവ് കച്ചവടത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ പറണ്ടോട് മലയടിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ

തൊളിക്കോട് വെട്ടയിൽ വീട്ടിൽ മുഹമ്മദ്(35), തൊളിക്കോട് പുളിമൂട് സിയാദ് മൻസിലിൽ സിദിഖ് അലി (42) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

26ന് രാത്രി എട്ടരയോടെയാണ് മലയടി സ്വദേശി ഗണേഷ് കുമാറിന് (42) വെട്ടേറ്റത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേശിനെ ഇരുവരും ചേർന്ന് ആക്രമിക്കുകയും തുടയിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. മുമ്പും ഇവർ തന്നെ ആക്രമിച്ചിരുന്നതായി ഗണേശ് നൽകിയ പരാതിയിലുണ്ടായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ആര്യനാട് ഇൻസ്‌പെക്ടർ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗണേഷ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് വിതുര പൊലീസ് സ്റ്റേഷനിലെ നാലു കേസുകളിലും സിദിഖ് അലി പാലോട് പൊലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും പ്രതിയാണ്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്തു.