₹വിദേശവായ്പയ്ക്കും ബുദ്ധിമുട്ടാകുമെന്ന് കെ--റെയിൽ
തിരുവനന്തപുരം: രാഷ്ട്രീയ എതിർപ്പും പ്രതിഷേധവും കാരണം സെമി ഹൈസ്പീഡ് പദ്ധതി (സിൽവർ ലൈൻ) ഒരു വർഷം വൈകിയാൽ 3500 കോടിയുടെ അധികച്ചെലവുണ്ടാകുമെന്നും, വിദേശവായ്പ ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നും കേരള റെയിൽ വികസന കോർപ്പറേഷൻ (കെ-റെയിൽ) സർക്കാരിനെ അറിയിച്ചു.
ഭൂമിക്കും നഷ്ടപരിഹാരത്തിനും നിർമ്മാണത്തിനും ഉൾപ്പെടെ ചെലവ് 66,405 കോടിയാണ്. നാണയപ്പെരുപ്പം കാരണം അഞ്ച് ശതമാനം വർദ്ധന ഓരോ വർഷവുമുണ്ടാകും. നിർമ്മാണ സാമഗ്രികളുടെ വിലയും ജോലിക്കൂലിയും ഉയരും. 2020ലെ കണക്കുപ്രകാരമാണ് ചെലവ് 66,405 കോടി നിശ്ചയിച്ചത്. പദ്ധതിരേഖ പുതുക്കിയപ്പോൾ 7000 കോടി അധികച്ചെലവുണ്ടായി. എസ്റ്റിമേറ്റ് പുതുക്കാൻ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.
എത്രയും വേഗം അന്തിമാനുമതി നേടിയെടുത്ത് നിർമ്മാണം തുടങ്ങാനാണ് സർക്കാർ ശ്രമം. അധികച്ചെലവ് സംസ്ഥാനം ഏറ്റെടുക്കാമെന്ന് കേന്ദ്രത്തിനും നിതി ആയോഗിനും ഉറപ്പുനൽകിയിട്ടുണ്ട്. 33,700 കോടി വിദേശ വായ്പയുടെ ബാദ്ധ്യത ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി ഡൽഹിയിൽ നേരിട്ടെത്തിയാണ് ഉറപ്പു നൽകിയത്. ഭൂമിയേറ്റെടുക്കലിനുള്ള 13,700 കോടി സംസ്ഥാനം വഹിക്കുമെന്ന് പ്രധാനമന്ത്രിയെ കത്തിലൂടെയും മുഖ്യമന്ത്രി അറിയിച്ചു.
ഇനി വേണ്ടത്
റെയിൽവേ, ധന മന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അനുമതി
975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയും 2150 കോടിയുടെ കേന്ദ്ര ഓഹരിയും
വിദേശ വായ്പ. 0.2- 0.5 ശതമാനം പലിശയ്ക്ക് പരിധിയില്ലാതെ നൽകാൻ ജൈക്ക. 1.5 ശതമാനം പലിശയ്ക്ക് 7500 കോടി നൽകാൻ എ.ഡി.ബി
റെയിൽവേയുടെ സംശയവും
കെ- റെയിലിന്റെ മറുപടിയും
1. വരുമാന നഷ്ടം: സിൽവർ ലൈൻ വരുന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞ് വരുമാനനഷ്ടം ഉണ്ടാകാം. നിലവിലെ ട്രെയിൻ യാത്രക്കാരിൽ 13 ശതമാനം സിൽവർ ലൈനിലേക്ക് മാറുമെന്നാണ് ഡി.പി.ആറിൽ
മറുപടി: ടിക്കറ്റ് ലഭിക്കാതെ ദീർഘദൂര യാത്ര റോഡു മാർഗമാക്കുന്നവരും ഇത്രയോളമുണ്ട്. ഇവർ ട്രെയിനിലേക്ക് യാത്ര മാറ്റുമ്പോൾ റെയിൽവേക്ക് വരുമാന നഷ്ടമുണ്ടാവില്ല
2. യാത്രക്കാർ: 2025ൽ പ്രതിദിനം ശരാശരി 79,934 യാത്രക്കാരുണ്ടാവുമെന്നാണ് ഡി.പി.ആറിൽ. ഇത് 1.14 ലക്ഷം വരെയാവാം. റോഡ്, റെയിൽ വഴി 150 കിലോ മീറ്ററിലേറെ യാത്ര ചെയ്യുന്നവരിൽ 10-38 ശതമാനം പേർ സിൽവർ ലൈനിലേക്ക് മാറുമെന്നും പറയുന്നു.
മറുപടി: ഹൈസ്പീഡ് റെയിലിനായി 2014-16ൽ ഡി.എം.ആർ.സി നടത്തിയ പഠനത്തിലാണ് 2020ൽ പ്രതിദിനം 80,000 യാത്രക്കാരെന്ന് കണക്കാക്കിയത്. ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 5 രൂപയും. 2025ലാണ് ഇത്രയും യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. 2.75 രൂപയാണ് കിലോമീറ്റർ നിരക്ക്
സമഗ്ര വികസനത്തിന് മുതൽക്കൂട്ടായി മാറാവുന്ന സിൽവർ ലൈനിനെ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. വസ്തുതകൾ മനസിലാക്കി ഒന്നിച്ചു നിൽക്കണം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം
- മുഖ്യമന്ത്രി പിണറായി വിജയൻ