 വിറക് ശ്‌മശാനത്തിലെ സംസ്‌കാര തുക കോർപ്പറേഷൻ കൗണ്ടറിൽ അടയ്ക്കണം

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിലെ വിറകു ശ്‌മശാനത്തിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് കരാറുകാർ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ കോർപ്പറേഷൻ ഇടപെടൽ. ഇലക്ട്രിക് ശ്‌മശാനത്തിലേതിന് സമാനമായി ഫീസ് ഇനി ശാന്തികവാടത്തിലുള്ള കോർപ്പറേഷൻ കൗണ്ടറിൽ നേരിട്ട് സ്വീകരിക്കും. തുടർന്ന് ക്രമമായ ഇടവേളകളിൽ കരാറുകാരന്റെ അക്കൗണ്ടിലേക്ക് നൽകാനും ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. കോർപ്പറേഷൻ നിശ്ചയിച്ച നിരക്കിന്റെ ഇരട്ടിത്തുക ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായ സാഹചര്യത്തിലാണ് നടപടി. അസ്ഥി കൈമാറ്റവും കോർപ്പറേഷന്റെ കൗണ്ടർ വഴി മാത്രം നടത്തും. നിലവിൽ ഇതെല്ലാം കരാറുകാരൻ നേരിട്ടാണ് നടത്തിയിരുന്നത്.

സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിന് നിശ്ചയിട്ടുള്ള നിരക്ക് പ്രദർശിപ്പിച്ച് ബോർഡുകൾ സ്ഥാപിക്കും. പൂജാ സാധനങ്ങൾ വിൽക്കാൻ കുടുംബശ്രീ കൗണ്ടർ ആരംഭിക്കും. മദ്യപിച്ചോ പുകവലിച്ചോ ചടങ്ങുകൾ നടത്താൻ പാടില്ലെന്ന് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകും. വിറകുശ്‌മശാനത്തിന്റെ നടത്തിപ്പിന് നിലവിലെ കരാർ അവസാനിക്കാൻ സമയമായതിനാൽ അടുത്ത് ഓപ്പൺ ടെൻഡർ വിളിക്കും. പഞ്ചായത്ത് പരിധിയിൽ നിന്നുള്ള മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് കൂടുതൽ തുക ഈടാക്കാൻ കൗൺസിൽ തീരുമാനിച്ചു. തുക ഉടൻ പുതുക്കി നിശ്ചയിക്കും.

നിലവിൽ1500 രൂപ സംസ്‌കാരത്തിനും 100രൂപ ശുചീകരണത്തിനും ഉൾപ്പെടെ 1600 രൂപയാണ് വിറകുശ്മശാനം ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സാധാരണ നിരക്ക്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ 750 രൂപ നൽകിയാൽ മതി. 1600 രൂപയുടെ രസീത് നൽകി കരാറുകാരൻ 3000 രൂപ വരെ ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജമീല ശ്രീധരൻ വ്യക്തമാക്കി.

പാർക്കിംഗിന് ഇനിയും

ലക്ഷങ്ങൾ വേണം


കോർപ്പറേഷൻ ആസ്ഥാനത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിനായി ഇനിയും 4.56 ലക്ഷം മുടക്കണം. മിന്നൽ പ്രതിരോധ സംവിധാനം സജ്ജീകരിക്കുന്നതിനുവേണ്ടിയാണിത്. പുതിയ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുകയും ടെൻഡർ ചെയ്‌ത് കരാറുകാരൻ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കുകയും ചെയ്‌ത ശേഷമേ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ എൻ.ഒ.സി ലഭിക്കൂ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്‌തിരുന്നു.