
നെയ്യാറ്റിൻകര: ഹോട്ടൽമുറിയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നിംസ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ പൗരൻ ഫോക്സ് ഇർവിനെ (77) അസുഖം ഭേദമായതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യും. ഒരുമാസത്തിലേറെ നീണ്ട ആശുപത്രിവാസത്തിന് ശേഷമാണ് തുടർചികിത്സയ്ക്കായി ഡിസ്ചാർജ് ചെയ്യുന്നത്.
കഴിഞ്ഞ നവംബർ 23ന് ആണ് ഫോക്സ് ഇർവിനെ നിംസിൽ പ്രവേശിപ്പിച്ചത്. കിടപ്പുരോഗിയായിരുന്ന ഇദ്ദേഹത്തെ ഗുരുതരമായ മുറിവുകളോടെയും ശ്വാസകോശത്തിൽ അണുബാധയേറ്റ് അവശ നിലയിലുമാണ് കോവളം പൊലീസ് നിംസിലെത്തിച്ചത്. അപകടാവസ്ഥ തരണം ചെയ്തതിനെ തുടർന്നാണ്
ഇദ്ദേഹത്തെ മെഡിക്കൽ കോളേജിന്റെ കീഴിലുള്ള പാലിയം ഇന്ത്യ എന്ന സംഘടനയ്ക്ക് കൈമാറുന്നത്.
വലിയ സാമ്പത്തിക ബാദ്ധ്യത വരുമെന്നറിഞ്ഞിട്ടും രോഗിയെ സ്വയം ഏറ്റെടുത്ത് ചികിത്സയ്ക്കാൻ മുന്നോട്ടു വന്ന നിംസ് മെഡിസിറ്റി അധികൃതരുടെ സമീപനം പ്രശംസനീയമാണെന്നും മലയാളികളുടെ പൗരബോധമാണിതിന് കാരണമെന്നും നിംസിലെത്തിയ കെ. ആൻസലൻ എം.എൽ.എ അഭിപ്രായപ്പെട്ടു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.മഞ്ജു തമ്പി, ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ്കുമാർ രാജ് തുടങ്ങിയവർ പങ്കെടുത്തു.