
തിരുവനന്തപുരം: തലസ്ഥാന ജില്ലയും തമിഴ്നാടിന്റെ തെക്കൻ ജില്ലകളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വാഗ്ദാനം ചെയ്‌തതായി തിരുവനന്തപുരം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികൾ പറഞ്ഞു. ചെന്നൈയിലെ ഓഫീസിൽ ടി.സി.സി.ഐ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പരാമർശം.
തിരുനെൽവേലിയെയും കന്യാകുമാരിയെയും തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന വ്യാവസായിക ഇടനാഴി സൃഷ്ടിക്കാൻ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അനന്ത - വിക്ടോറിയ - മാർത്താണ്ഡം (എ.വി.എം) കനാൽ പുനരുജ്ജീവിപ്പിക്കാനും ഗതാഗതയോഗ്യമാക്കാനുമുള്ള പദ്ധതി ആരംഭിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ടി.സി.സി.ഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു.
ടി.സി.സി.ഐ സെക്രട്ടറി എബ്രഹാം തോമസ്, ടി.സി.സി.ഐ വൈസ് പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ടി.സി.സി.ഐ തമിഴ്നാട് കോ ഓർഡിനേറ്റർ വിഷ്‌ണു സച്ചിവ്, പ്രമുഖ വ്യവസായി ഇ. ലക്ഷ്‌മണൻ, തമിഴ്നാട്ടിലെ വ്യവസായ അഡിഷണൽ ചീഫ് സെക്രട്ടറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.