poi

കിളിമാനൂർ: തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഗുണ്ടാആക്രമണങ്ങളുടെ പേരിൽ പൊലീസ് ഏറെ പഴികേൾക്കുമ്പോഴും, വേറിട്ട പാതയിലൂടെ വൃദ്ധയുടെ സ്വപ്നങ്ങൾക്ക് തണലായി നഗരൂർ ജനമൈത്രീ പൊലീസ്. പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ചമ്പ്രാംകാട് പുത്തൻവിളവീട്ടിൽ ശാരദ (90)യ്ക്കാണ് നിയമപാലകരുടെ കനിവിൽ സുരക്ഷയുള്ള വീടൊരുങ്ങിയത്. ആഴ്ചകൾക്ക് മുമ്പ് പെയ്ത കനത്ത മഴയിൽ ശാരദയുടെ വീടിന്റെ പകുതിയിലധികം ഭാഗം തകർന്നുവീണിരുന്നു.

മൺകട്ടകൊണ്ട് നിർമ്മിച്ച വീട്ടിൽ വർഷങ്ങളായി ഒറ്റയ്ക്കാണ് ശാരദ കഴിഞ്ഞിരുന്നത്.

സ്വന്തമായുള്ള പത്ത് സെന്റ് ഭൂമിയിൽ തന്നെ കഴിയണമെന്ന ആഗ്രഹത്താൽ മക്കളുടെ വീടുകളിലൊന്നും പോകാൻ ഇവർ തയ്യാറായില്ല. ഭക്ഷണവും മരുന്നും എല്ലാം വീടിനടുത്തുള്ള മകൾ കൃത്യമായി നൽകാറുണ്ടായിരുന്നു. വീട് തകർന്ന സമയത്ത് അത്ഭുതകരമായാണ് ശാരദ രക്ഷപ്പെട്ടത്. ബാക്കിഭാഗം ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലുള്ള വീട്ടിൽ കഴിയുന്ന ഇവരെക്കുറിച്ച് മനസിലാക്കിയ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും നഗരൂർ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസറുമായി കൃഷ്ണലാലിന്റെ നേതൃത്വത്തിൽ ഭാഗികമായി തകർന്ന വീട് പുനരുദ്ധരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പത്ത് ദിവസം കൊണ്ടാണ് വീട് പുതുക്കിയത്. പുനരുദ്ധരിച്ച വീടിന്റെ താക്കോൽദാനം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു നിർവഹിച്ചു.നഗരൂർ എസ്.എച്ച്.ഒ ഷിജു, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജ ഉണ്ണിക്കൃഷ്ണൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ, പൊതുപ്രവർത്തകരായ അഡ്വ.വിജയൻ, സോമൻ, അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥർ,നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.