
വിതുര: മണ്ണിനും മനുഷ്യനും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പരിസ്ഥിതി സൗഹാർദ്ദപരമായ ജനകീയ ക്യാമ്പയിനുമായി ആനപ്പാറ വാർഡ്. ഹരിതം എന്റെ ആനപ്പാറ" എന്ന പേരിലാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആനപ്പാറ വാർഡിൽ പ്ലാസ്റ്റിക് - മാലിന്യ വിമുക്ത പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശ്രീലത, വി.ഇ.ഒമാരായ ഗൗരി ശങ്കർ, ആര്യ, എ.ഡി.എസ് ചെയർപേഴ്സൺ വത്സല, സെക്രട്ടറി ദീപ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ശാന്തി, ഹരിതകർമ്മ സേന അംഗങ്ങളായ രാജി, സുനിത, തൊഴിലുറപ്പ് പദ്ധതി മേറ്റുമാരായ രഞ്ചന, ബിന്ദു, ജയശ്രീ, സുശീല, ലതിക, ഗീത തുടങ്ങിയവർ പങ്കെടുത്തു.
വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പൊന്മുടി സംസ്ഥാന പാതയ്ക്ക് ഇരു വശങ്ങളിലെയും വാർഡിലെ പ്രധാന വഴികൾക്ക് ഇരുവശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പൊതു നിരത്തുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കാനും ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയുമാണ് ശുചിത്വ ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടത്.
ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി പൊൻമുടി റോഡിരികിൽ നിന്നും ഒറ്റ ദിവസം കൊണ്ട് അമ്പതിലധികം ചാക്ക് പ്ലാസ്റ്റിക് ആണ് ശേഖരിച്ചത്. അടുത്ത ഘട്ടമായി മാലിന്യങ്ങൾ കൂടുതലായി നിക്ഷേപിക്കുന്ന റോഡ് വശങ്ങളിൽ പൂന്തോട്ടങ്ങൾ സ്ഥാപിക്കും. ഒപ്പം പ്രധാന ഇടങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകളും ബോധവത്കരണ ബോർഡുകളും സ്ഥാപിക്കും. ജനങ്ങളിൽ ശരിയായ ബോധവത്കരണം നടത്തിയും അവബോധം സൃഷ്ട്ടിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും കൃത്യമായ സംസ്‌കരണ സംവിധാനം ഒരുക്കിയുമാണ് പ്രവർത്തനങ്ങൾ വാർഡിൽ നടന്നു വരുന്നത്. ഭൂരിപക്ഷം വീടുകളെയും ഹരിത കർമ്മ സേനയിൽ ചേർത്ത് എല്ലാ മാസവും കൃത്യമായ പ്ലാസ്റ്റിക് ശേഖരണം വീടുകളിൽ നിന്നും നടത്തി വരികയാണെന്നും മെമ്പർ വിഷ്ണു പറയുന്നു.