d

തിരുവനന്തപുരം: മുംബയ്- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാടില്ലെന്നും തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്‌‌പീഡ് ട്രെയിൻ നടപ്പാക്കുമെന്നും സി.പി.എം പറയുന്നത് എന്തൊരു വിരോധാഭാസമാണെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്ന സി.പി.എമ്മിന്റെയും ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വീറ്റുകൾ സഹിതമാണ് വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: "മുംബയ്- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും. മഹാരാഷ്ട്രയിലെ ലോക്കൽ കമ്മിറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ) മുതൽ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തിൽ ചർച്ചയും പഠനവും ആശയസങ്കലനവും റിപ്പോർട്ടിംഗും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷേ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി. ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഞങ്ങൾ സിൽവർ ലൈൻ സ്ഥാപിക്കും പറപ്പിക്കും വിജയിപ്പിക്കും. ഞങ്ങൾ മുതലാളിത്തത്തിന് എതിരാണ്. പക്ഷേ ഞങ്ങൾ കുത്തകകളുടെ തോളിൽ കൈയിടും. ഞങ്ങൾ ആഗോളവത്കരണത്തിന് തീർത്തും എതിരാണ്, പക്ഷേ ആഗോള ഭീമൻമാരിൽ നിന്ന് വായ്പ വാങ്ങും. ഞങ്ങൾ ജനങ്ങൾക്ക് ഒപ്പമാണ്, പക്ഷേ പാവങ്ങളെ ഒരു ചാൺ ഭൂമിയിൽ നിന്ന് ആട്ടിപ്പായിക്കും. ഞങ്ങൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നു. എന്നാൽ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ തീവ്രവാദിയായി ചാപ്പ കുത്തും. ഇതിന്റെ മലയാളം പേരാണോ വൈരുദ്ധ്യാത്മക ഭൗതികവാദം?''.