ktda

കാട്ടാക്കട: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർക്ക് വേണ്ടിയുള്ള ശുചിമുറി പൂട്ടിയിട്ട് രണ്ടുമാസം. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്കൊഴുകിയതോടെയാണ് ശൗചാലയം പൂട്ടിയത്. കാട്ടാക്കട, ആര്യനാട്, വിഴിഞ്ഞം, പൂവാർ, പാപ്പനംകോട്, സിറ്റി തുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരാണ് കാട്ടാക്കട ഡിപ്പോയിൽ ഡ്യൂട്ടിക്കായി എത്തുന്നത്. ഇവരാണ് ടോയ്ലെറ്റ് സൗകര്യമില്ലാതായതോടെ ബുദ്ധിമുട്ടിലായത്. ഡിപ്പോയിലെ എ.ടി.ഒയ്ക്കും ഡിപ്പോ എൻജിനിയർക്കും വെവ്വേറ ശൗചാലയങ്ങളുണ്ട്. ഇതും മറ്റ് ജീവനക്കാർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും ജീവനക്കാർക്ക് ശൗചാലയം തുറക്കണമെന്നും ആവശ്യപ്പെട്ട് ഡിപ്പോ അധികൃതർ ചീഫ് ഓഫീസിലേക്ക് കത്തയച്ചപ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് തൊഴിലാളികൾ തീർത്തും ദുരിതത്തിലായത്.