തിരുവനന്തപുരം: മകളെ കാണാൻ വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിലെ യാഥാർത്ഥ കാരണം തേടി പൊലീസ്. കൊല്ലപ്പെട്ട അനീഷ് ജോർജ് രാത്രി വീട്ടിലെത്തിയതിനെക്കുറിച്ചും ഇവർ തമ്മിൽ മുമ്പ് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതായി പേട്ട സി.ഐ പറഞ്ഞു.

വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ കുടുംബങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ' പുലർച്ചെ മൂന്നരയോടെ ശബ്ദം കേട്ടുണർന്നപ്പോൾ ഒരാൾ വീട്ടിലുണ്ടെന്നു മനസിലായി. കള്ളനാണെന്നു കരുതിയാണ് സ്വരക്ഷയ്ക്കായി കത്തിയെടുത്തത്. അടുത്തെത്തിയപ്പോൾ പ്രതിരോധിക്കാൻ കുത്തിയതാണെന്നുമാണ് ' ലാലൻ പൊലീസിന് നൽകിയ മൊഴി.

എന്നാൽ ഈ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ആനയറ പാലത്തിന് താഴെയുള്ള അനീഷിന്റെ വീട്ടിൽ നിന്ന് പേട്ട ചായക്കുടി ലെയ്‌നിലെ ലാലന്റെ വീട്ടിലേക്ക് ഒരു കിലോമീറ്ററിൽ താഴെ ദൂരം മാത്രമേയുള്ളൂ. ലാലന്റെ വീടിനോട് ചേർന്നുതന്നെ ഇയാളുടെ ബന്ധുക്കളുടെ വീടുകളുമുണ്ട്. നടന്നാകാം അനീഷ് എത്തിയതെന്നും വീടിനുപിന്നിലെ ചുറ്റുമതിലിൽ ചവിട്ടി സൺഷെയ്ഡിൽ കയറിയ ഇയാൾ കോണിപ്പടി വഴിയാണോ ഒന്നാം നിലയിലേക്ക് കയറിയതെന്നുമാണ് പൊലീസിന്റെ സംശയം.

വീടിന്റെ സൺഷെയ്ഡിൽ നിന്ന് അനീഷിന്റെ ചെരിപ്പുകൾ പൊലീസിന് ലഭിച്ചു. രാവിലെ 9.30ഓടെയാണ് ഫോറൻസിക് ടീം ചായക്കുടി ലെയ്‌നിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചത്. ലാലന് കൊല്ലപ്പെട്ട അനീഷിനോടുള്ള വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജ് പറഞ്ഞു.