vld1-

വെള്ളറട: അമ്പൂരി,​ വെള്ളറട പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞദിവസം രാത്രി 11.30ഓടെ നേരിയ ഭൂചലനം. വെള്ളറട ഗ്രാമപഞ്ചായത്തിലെ കൂതാളി,​ പന്നിമല,​ കാക്കതൂക്കി,​ മുട്ടൂർ,​ പ്രദേശങ്ങളിലും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല,​ ചെമ്പകപ്പാറ,​ കണ്ണന്നൂർ,​ കൂട്ടപ്പൂ എന്നിവിടങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

റിക്ടർ സ്കെയ്ലിൽ 1.6 രേഖപ്പെടുത്തിയ ചലനത്തിൽ കസേരകൾ കൂട്ടിമുട്ടുകയും പാത്രങ്ങളും ക്ലോക്കുകളും നിലത്തുവീഴുകയും ചില വീടുകൾക്ക് നേരിയ വിള്ളലുണ്ടാകുകയും ചെയ്‌തു.

തുടക്കത്തിൽ ശക്തമായ മുഴക്കമായിരുന്നെങ്കിലും പിന്നീട് തീവ്രത കുറയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഭൂചലനത്തിനുശേഷം പലരും പരിഭ്രാന്തരായി വീടിന്റെ പുറത്തേക്ക് ഇറങ്ങിയോടി. നെയ്യാർഡാം പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടശേഷം സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ദുരന്ത നിവാരണസേനയും ജിയോളജിക്കൽ വകുപ്പ് അധികൃതരും ഇന്നലെ പുലർച്ചെ സംഭവസ്ഥലത്തെത്തി വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ജിയോളജിക്കൽ വകുപ്പിലെ ഡോ. പ്രീജ എൻ.ബി,​ ഡോ. ബൈജു ആർ.എസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

നെയ്യാറ്റിൻകര,​ കാട്ടാക്കട തഹസീൽദാർമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നും കൂടുതൽ പഠനം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടതായും എം.എൽ.എ വ്യക്തമാക്കി. നേരിയ ഭൂചലനമായതുകാരണം അപകടസാദ്ധ്യത കുറവാണെങ്കിലും കൂടുതൽ പഠനം നടത്തുമെന്ന് ജിയോളജിക്കൽ വകുപ്പ് അധികൃതർ പറഞ്ഞു.