തിരുവനന്തപുരം: ഒന്നരവർഷം മുമ്പ് അപകടത്തിൽപ്പെട്ട് മരണത്തിന്റെ വക്കോളമെത്തിയ അനീഷിന്റെ ജീവനാണ് ഇന്നലെ കത്തിമുനയിൽ പൊലിഞ്ഞത്. ബൈക്ക് അപകടത്തിൽപ്പെട്ട് മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുഖത്തെ എല്ലുകളൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ അനീഷ് ഉറ്റവരുടെ പ്രാർത്ഥനകൾക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. 24ന് രണ്ട് സുഹൃത്തുകൾക്കൊപ്പം കൊച്ചിയിൽ പോയിരുന്ന അനീഷ് ക്രിസ്‌മസിനാണ് മടങ്ങിയെത്തിയത്.
പള്ളിപ്പരിപാടികളിലടക്കം സജീവമായിരുന്നു അനീഷെന്ന് സുഹൃത്തുക്കൾ പറയുന്നു. പത്താംക്ലാസ് വരെ ആക്കുളം എം.ജി.എം സ്‌കൂളിലും ഹയർ സെക്കൻഡറി പഠനം ജനറൽ ഹോസ്റ്റപിറ്റൽ ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളിലുമായിരുന്നു. ഏറെ സുഹൃത്ത് വലയമുള്ള അനീഷിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ പേട്ട ആനയറിലെ വസതിയിൽ നിരവധിപ്പേരെത്തി. പെൺകുട്ടിയുമായി അനീഷ് ഒരുവർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് ആറോടെ വിട്ടുനൽകിയ മൃതദേഹം പള്ളിമുക്ക് സെന്റ് ആൻസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്‌കരിച്ചു.