തിരുവനന്തപുരം: അനീഷിന്റെ നെഞ്ച് തുളച്ചാണ് വീട്ടിലെ കറിക്കത്തി ആഴ്ന്നിറങ്ങിയത്. വീട്ടുകാരുടെ മുന്നിലിട്ടായിരുന്നു സൈമൺ ലാലന്റെ ആക്രമണം. പുലർച്ചെയായിരുന്നതിനാൽ വീട്ടിലെ നിലവിളി സമീപത്ത് താമസിക്കുന്ന ലാലന്റെ ബന്ധുക്കളാരും കേട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഒരു കോമ്പൗണ്ടിൽ മൂന്ന് വീടുകളാണുള്ളത്. പുലർച്ചെയോടെ പൊലീസെത്തുമ്പോഴാണ് മറ്റുള്ളവരും കൊലപാതക വിവരം അറിയുന്നത്. വീട്ടിൽ ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തി. പ്രതിയുടെ ഭാര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്‌തു.

അമ്മയെയും മക്കളെയും സമീപത്തെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിയശേഷം പൊലീസ് വീട് സീൽ ചെയ്‌തു. അനീഷിന്റെ നെഞ്ചിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. കത്തിയുടെ മുക്കാലും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയതാകാം ഇതിന് കാരണമെന്നും കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ലഭിക്കൂവെന്നും പൊലീസ് വ്യക്തമാക്കി.