തിരുവനന്തപുരം:സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതുമായ വിവരങ്ങൾ കോർത്തിണക്കിയാൽ മാത്രമേ ചരിത്രം പൂർണതയിലെത്തുകയുള്ളൂവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.പ്രാദേശിക ചരിത്രരചനാ മത്സരവിജയികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം എപ്പോഴും അത് മറക്കാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കും. അതുകൊണ്ടാണ് അവർ കിട്ടിയ അവസരങ്ങളിലൊക്കെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെയും പിന്തുണ നൽകിയ രക്ഷാകർത്താക്കളെയും അദ്ധ്യാപകരെയും മന്ത്രി അനുമോദിച്ചു.സ്‌പീക്കർ എം.ബി.രാജേഷും കുട്ടികളുമായി ആശയവിനിമയം നടത്തി.സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ. എ.പി.കുട്ടികൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ 'ഭരണഘടനയും നിയമവാഴ്ചയും' എന്ന വിഷയത്തിൽ സംസാരിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, അഡിഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.