kk

തിരുവനന്തപുരം: പേട്ടയിൽ മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ലെന്നും സൈമൺ ലാലന് കൊല്ലപ്പെട്ട അനീഷ് ജോർജുമായി മുൻവൈരാഗ്യമുണ്ടായിരുന്നെന്നുമാണ് പൊലീസിന്റെ നിഗമനം. മൂത്ത മകളോടുള്ള സൗഹൃദവും തന്റെ കുടുംബവുമായി അനീഷ് സഹകരിക്കുന്നതും ലാലന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത് വകവയ്‌ക്കാതെ ലാലന്റെ ഭാര്യയും മക്കളും അനീഷുമായുള്ള സൗഹൃദം തുടർന്നു. ചൊവ്വാഴ്ച ലാലന്റെ ഭാര്യയും മക്കളും അനീഷിനൊപ്പം ഷോപ്പിംഗ് മാളിൽ പോയി ഭക്ഷണം കഴിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ ലാലനെ കോടതി റിമാൻഡ് ചെയ്തു.

അന്ത്യം യു.കെയിലേക്ക് പോകാനിരിക്കെ

ഉപരിപഠനത്തിനായി ഏപ്രിലിൽ യു.കെയിലേക്ക് പോകാനിരിക്കെയാണ് മകൻ ദാരുണമായി കൊല്ലപ്പെട്ടതെന്ന് അനീഷ് ജോർജ്ജിന്റെ മാതാപിതാക്കൾ.

യു.കെയിൽ ബി.ബി.എ പഠിക്കാനുള്ള പേപ്പറുകളെല്ലാം അവൻ തന്നെയാണ് ശരിയാക്കിയത്. പാസ് പോർട്ടും ലഭിച്ചു. ലോണിനായി കാത്തിരിക്കുകയായിരുന്നു. കുടുംബത്തെ നന്നായി നോക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതാണ് ഇങ്ങനെ അവസാനിച്ചത്- മാതാപിതാക്കളായ ഡോളിയും ജോർജ്ജും പറയുന്നു. സംഭവ ദിവസം പുലർച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഫോൺ കോൾ വന്നിരുന്നു. അതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. എപ്പോഴാണ് അനീഷ് വീട്ടിൽ നിന്ന് പോയതെന്ന് അറിയില്ല. 11 മണിക്ക് ഭക്ഷണം കഴിച്ച് ചേട്ടനൊപ്പം കിടന്നതാണ്. അവർ വിളിക്കാതെ മകൻ അങ്ങോട്ട് പോകില്ല. സൈമൺ ലാലൻ വീട്ടിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുമായിരുന്നു. അപ്പോൾ പെൺകുട്ടിയുടെ അമ്മ അനീഷിനെ വിളിക്കും. ഇരുവീട്ടുകാർക്കും പരസ്പരം പരിചയമുണ്ട്. അനീഷ് മുമ്പും ആ വീട്ടിൽ പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന വാദം കളവാണ്. പെൺകുട്ടിയുടെ അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ വരുന്നത് കൂടാതെ എന്നും ഫോൺവിളിക്കുകയും ചെയ്തിരുന്നു. രാത്രി വീട്ടിൽ പ്രശ്നമുണ്ടായപ്പോൾ മകനെ വിളിച്ചുവരുത്തിയതാണ്. ശാസിക്കുമെന്ന് കരുതിയാവും അവൻ ആരോടും പറയാതെ വീട്ടിൽനിന്ന് പോയത്. - ഡോളി പറഞ്ഞു.

പള്ളിമുക്കിലെ പള്ളി അധികൃതർ കുട്ടികളുടെ അടുപ്പത്തെപ്പറ്റി ഇരുകുടുംബങ്ങളോടും സംസാരിച്ചിരുന്നതായി സൂചനയുണ്ട്. ബുധനാഴ്ച പുലർച്ചെയായിരുന്നു ചായക്കുടി ലെയിനിലെ ഏദൻ വീട്ടിൽ അനീഷ് ജോർജ്ജ് സൈമൺ ലാലന്റെ കുത്തേറ്റ് മരിക്കുന്നത്.