തിരുവനന്തപുരം: കോവളത്തെയും വിഴിഞ്ഞത്തെയും ആസൂത്രിത വികസനത്തിനായി നാല് പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച കോവളം-വിഴിഞ്ഞം വികസന ഏരിയാ സ്കീമിൽ ഭേദഗതി വരുത്താൻ ശുപാർശ. നിലവിൽ മേഖലയിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവുവരുത്തണമെന്നുള്ള ടൗൺ പ്ളാനിംഗ് വിഭാഗത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കെട്ടിടങ്ങൾ പണിയുന്നതിനുള്ള വിസ്തീർണം, കെട്ടിടത്തിന്റെ ഉയരം, വസ്തുവിന്റെ വലിപ്പത്തിനനുസരിച്ചുള്ള നിർമ്മാണം എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഇതുസംബന്ധിച്ച് മേയറുടെയും ഉയർന്ന ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അടുത്ത നഗരസഭാ കൗൺസിലിൽ നിർദ്ദേശം പാസാക്കി നിയന്ത്രണങ്ങൾക്ക് ഭേദഗതി വരുത്തും.
കോവളം-വിഴിഞ്ഞം വികസന ഏരിയാ സ്കീം
1978ലാണ് സംസ്ഥാന സർക്കാർ കോവളം-വിഴിഞ്ഞം വികസന ഏരിയാ സ്കീം ആവിഷ്കരിച്ചത്. ടൂറിസം പദ്ധതികൾ, വിഴിഞ്ഞം ഹാർബർ വികസനത്തിനായുള്ള പദ്ധതികൾ, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രകൃതിസൗന്ദര്യ സംരക്ഷണത്തിനായി ചില പ്രദേശങ്ങൾ ഏറ്റെടുക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ കെട്ടിടനിർമ്മാണം, വാണിജ്യസ്ഥാപനങ്ങൾ ആരംഭിക്കൽ എന്നിവയിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. 2010ൽ നിയന്ത്രണങ്ങൾക്ക് അല്പം അയവ് വരുത്തിയിരുന്നു. ഇനിയും ഇളവുവേണമെന്ന ആവശ്യമുയർന്നതോടെയാണ് പുതിയ ഭേദഗതിക്ക് നഗരസഭ ഒരുങ്ങുന്നത്.
മാസ്റ്റർ പ്ളാൻ വരുന്നതോടെ സ്കീമും ഇല്ലാതാകും
നഗരസഭയുടെ നേതൃത്വത്തിൽ രണ്ട് വർഷത്തിനകം പൂർത്തിയാക്കാനൊരുങ്ങുന്ന മാസ്റ്റർ പ്ലാനിൽ കോവളം, വിഴിഞ്ഞം മേഖലകൾക്കായി പുതിയ പദ്ധതികൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ മാസ്റ്റർപ്ളാൻ വൈകുന്നതു കൊണ്ടാണ് കോവളം-വിഴിഞ്ഞം വികസന ഏരിയാ സ്കീമിൽ താത്കാലികമായി ഭേദഗതി കൊണ്ടുവന്നത്. മാസ്റ്റർപ്ളാൻ നിലവിൽ വരുമ്പോൾ ഈ സ്കീമും ഇല്ലാതാകും. നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് നിശ്ചിത സോണുകൾ തിരിച്ചാണ്.
നിയന്ത്രണങ്ങളിൽ വരുത്തിയ ഭേദഗതി
1. നെൽവയൽ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സോണുകളിൽ നിലവിൽ ഒരു തരത്തിലുള്ള നിർമ്മാണങ്ങളും അനുവദനീയമല്ല. പുതിയ ഭേദഗതി അനുസരിച്ച് 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾ, 150 ചതുരശ്ര മീറ്റർ വരെയുള്ള വാണിജ്യ സ്ഥാപനങ്ങൾ, ഡെയറി ഫാമുകൾ, കോഴി വളർത്തൽ എന്നിവയ്ക്ക് ഇളവ് ലഭിക്കും.
2. പാർപ്പിടമെന്ന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഭൂമിയുടെ ഉപയോഗം 100 ചതുരശ്ര മീറ്ററിൽ നിന്ന് 300 ചതുരശ്രമീറ്രറായി വർദ്ധിപ്പിക്കും.
3. സർക്കാർ ക്വാർട്ടേഴ്സുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമായി നിശ്ചയിച്ചിരിക്കുന്ന സോണുകളിൽ പാർപ്പിടങ്ങളും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാനുള്ള പരിധി 300 ചതുരശ്രമീറ്റർ വരെയെന്നത് മാറ്റും. ഇവിടെ പാർപ്പിടങ്ങളും ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്കായുള്ള കെട്ടിടങ്ങളും നിർമ്മിക്കാം.
4.എല്ലാ നിർമ്മാണങ്ങളുടെയും ഉയരം ഒമ്പത് മീറ്ററായി പരിമിതപ്പെടുത്തിയത് ഒഴിവാക്കി ഇത് കെട്ടിട നിർമ്മാണ നിയമങ്ങൾക്ക് അനുസൃതമാക്കി.
5. പ്രധാന റോഡുകളിൽ നിന്ന് നിശ്ചിത ദൂരം വിട്ട ശേഷം മാത്രമേ നിർമാണം അനുവദിക്കൂ എന്നതും ഒഴിവാക്കി.
6. തുറമുഖ അനുബന്ധ സ്ഥലങ്ങളിൽ മൾട്ടിപ്ളക്സ് കോപ്ളംക്സ് പാടില്ല എന്ന ചട്ടം മാറ്റി ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമ്മാണാനുമതി നൽകും.
7. ടെലികമ്മ്യൂണിക്കേഷൻ ടവർ, കൺവെൻഷൻ സെന്റർ എന്നിവ പാടില്ല എന്ന നിർദ്ദേശവും ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമ്മാണാനുമതി എന്നാക്കി
8. വൻകിട പദ്ധതികൾക്ക് എല്ലാ സോണുകളിലും ജലാശയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ അനുമതി നൽകും.
9. പ്ലോട്ടുകളിൽ കെട്ടിട നിർമ്മാണത്തിനായി വിനിയോഗിക്കാവുന്ന സ്ഥല വിസ്തൃതി
30-40 ശതമാനം എന്നത് മാറ്രി കെട്ടിട നിർമ്മാണ ചടങ്ങൾക്ക് അനുസൃതമാക്കി.