തിരുവനന്തപുരം: മാനുഷിക ഗുണമില്ലാത്ത പരിശീലനം ആർക്കും ഗുണം ചെയ്യില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പരിശീലകർ പകർന്നുനൽകുന്ന മാനുഷികതയാകണം അദ്ധ്യാപകരും രക്ഷിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 'പഠന വൈകല്യം കണ്ടെത്തലും പരിഹാരവും ' എന്ന വിഷയത്തിലുള്ള പരിശീലന പരിപാടി വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷനായി. സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കുട്ടിക്കൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.സി.ഇ.ആർ.ടി റിട്ട.അസി.പ്രൊഫസർ എൻ.കെ. സത്യപാലൻ,​ ഡയറ്റ് പ്രിൻസിപ്പൽ സി. ഭക്തദാസൻ,​ ജെ. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. എസ്.ആർ.സി ഡയറക്ടർ ഡോ.എൻ.ബി. സുരേഷ് കുമാർ സ്വാഗതവും പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ഇ.ബി. ബൈജു നന്ദിയും പറഞ്ഞു.