
തിരുവനന്തപുരം: ബീമാപ്പള്ളി ഉറൂസ് ജനുവരി അഞ്ചിന് ആരംഭിച്ച് 15ന് സമാപിക്കും. ചടങ്ങുകൾ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചിന് രാവിലെ എട്ടിന് ആരംഭിക്കുന്ന ഘോഷയാത്രയോടെയാണ് (ഉൗരുചുറ്റൽ) ആഘോഷങ്ങൾ ആരംഭിക്കുക. അഞ്ചിന് രാവിലെ 8ന് ദുആ പ്രാർത്ഥന, 8.30ന് പട്ടണപ്രദക്ഷിണം,11ന് പതാക ഉയർത്തൽ എന്നിവ നടക്കും. അഞ്ച് മുതൽ 14വരെ എല്ലാ ദിവസം രാത്രി 10ന് മതപ്രസംഗവുമുണ്ടായിരിക്കും.
സമാപന ദിവസമായ 15ന് പുലർച്ചെ 1.30ന് പട്ടണപ്രദക്ഷിണം, 4.30ന് ദുആ പ്രാർത്ഥന, രാവിലെ ആറിന് ഖുറാൻ ഖത്തം തമാം, അന്നദാനം എന്നിവ നടക്കും. മതപ്രാസംഗികരായ സഫ്‌വാൻ സഖാഫി, ഇ.പി. അബൂബക്കർ ഖാസിമി, ഹുസൈൻ സഖാഫി ബീമാപ്പള്ളി, അനസ് അമാനി പുഷ്പഗിരി, യഹിയ ബാഖവി, അഷ്റഫ് റഹുമാനി ചൗക്കി, ആഷിക്ക് ദാരിമി, പേരാട് മുഹമ്മദ് അസ്ഹരി, ഹസൻ അഷറഫ് ഫാളിൽ ബാഖവി, സെയ്ദ് മുത്ത്കോയ തങ്ങൾ എന്നിവരാണ് മതപ്രസംഗങ്ങൾ നടത്തുന്നത്.
ബീമാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.ആർ. ഹലാലുദ്ദീൻ, ജനറൽ സെക്രട്ടറി എസ്. റംസാൻ, ഖജാൻജി എസ്. ഇദ്രീസ്, ബീമാപ്പള്ളി റഷീദ്, അബ്ദുൾസലാം, അൻവർ ഖാൻ, ടി. ബഷീർ, എ.എം. ഇക്‌ബാൽ, എം. പീരുമുഹമ്മദ്, എ. നസീബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.