തിരുവനന്തപുരം: നാടിന്റെ വികസനത്തിന് സാക്ഷരതായജ്ഞം അനിവാര്യമാണെന്നും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ സാക്ഷരതാ പ്രവർത്തനങ്ങൾ സ്ത്രീശാക്തീകരണത്തിലും മനുഷ്യാവബോധ വികസനത്തിലും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടപ്പാക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയായ പഠ്ന ലിഖ്‌ന അഭിയാന്റെ ജില്ലാതല ക്ലാസുകൾ ബീമാപള്ളി പത്തേക്കർ സുനാമി കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 71കാരിയായ ഐഷാബീവിയെ ആദ്യാക്ഷരം എഴുതിപ്പിച്ചായിരുന്നു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ,​ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡോ.റീന കെ.എസ് മുഖ്യപ്രഭാക്ഷണം നടത്തി. പഠനോപകരണങ്ങൾ പി.കെ. രാജു വിതരണം ചെയ്തു. ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷൻ എസ്. സലീം, നികുതി,​ അപ്പീൽകാര്യ സ്‌റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷൻ എസ്.എം. ബഷീർ, കൗൺസിലർമാർ,​ ജില്ലാ സാക്ഷരതാമിഷൻ കോ ഓർഡിനേറ്റർ നിർമ്മല റേയ്ച്ചൽ ജോയ്, ജെ.എസ്.എസ് ഡയറക്ടർ കെ.ബി. സതീഷ്, സൗത്ത് എ.ഇ. ഒ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.