വിഴിഞ്ഞം: പെട്രോൾ പമ്പിൽ ഫോൺ വിളിക്കുന്നത് വിലക്കിയ ജീവനക്കാരനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഫറുള്ളഖാൻ (28) ഒളിവിൽ. ഇയാൾക്ക് ഒളിത്താവളമൊരുക്കിയ മലയിൻകീഴ് സ്വദേശി അരുണിനെ (24) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു.
28ന് രാത്രി വിഴിഞ്ഞം ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിലുണ്ടായ ആക്രമണത്തിൽ തെന്നൂർക്കോണം സ്വദേശി ജി. അനന്തുവിനാണ് വെട്ടേറ്റത്.
പ്രതിക്കൊപ്പം ബൈക്കിലെത്തിയ യുവാവിനെ ചോദ്യം ചെയ്‌തപ്പോഴാണ് അരുണിനെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സഫറുള്ള രക്ഷപ്പെട്ടിരുന്നു. വിഴിഞ്ഞം പൊലീസും ഗുണ്ടാവിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരിക്കുന്നതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി.