1

തിരുവനന്തപുരം: സ്ത്രീധന പീഡനങ്ങൾക്കെതിരെ പേട്ട ഗവ. ഗേൾസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. നാഷണൽ സർവീസ് സ്‌കീമിന്റെ സപ്‌തദിന ക്യാമ്പുമായി സഹകരിച്ച് വനിതാ ശിശുവികസന വകുപ്പ് നടത്തിവരുന്ന സമജീവനം പദ്ധതിയുടെ ഭാഗമായാണ് ' കനൽപൊട്ട് ' എന്ന പേരിട്ട തെരുവ് നാടകം അവതരിപ്പിച്ചത്.

ഇന്നലെ പേട്ട കെ. പങ്കജാക്ഷൻ ഓപ്പൺ ഓഡിറ്റോറിയത്തിലും പള്ളിമുക്ക് ജംഗ്ഷനിലുമാണ് നാടകം അരങ്ങേറിയത്. വരുംദിവസങ്ങളിൽ സ്‌കൂളിന്റെ പരിസരത്തുള്ള സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ നാടകം അവതരിപ്പിക്കും.

എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ വാർഷിക സപ്‌തദിന ക്യാമ്പിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അപർണ വിജയ്, ഗ്രീഷ്മ, വൈഷണവി, നാസില, അക്ഷര, മാളവിക, ശിവാനി, അന്നാരാജ്, അനുജി എന്നീ വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുമ. കെ.എസ്, പ്രോഗ്രാം ഓഫീസർ മായാദേവി.ജി, അദ്ധ്യാപിക ലീനകുമാരി വി.ജി എന്നിവർ നേതൃത്വം നൽകി.