
മലയിൻകീഴ്: കാത്തിരിപ്പിനൊടുവിൽ പോങ്ങുംമൂട് മലവിള -പുന്നാവൂർ ചാനൽ പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഐ.ബി. സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഴയ പാലം ഏതുനിമിഷവും മലവിള-പുന്നാവൂർ ചാനലിൽ പതിക്കാവുന്ന അവസ്ഥയിലാണ്. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാനുള്ള വീതി മാത്രമേ പാലത്തിനുള്ളൂ. തിരക്കേറിയ പാതയിലൂടെ ധാരാളം വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്നുണ്ട്. ഇവയിലെ യാത്രക്കാരെല്ലാം ഭീതിയോടെയാണ് പാലം കടക്കുന്നത്.
കാൽനടയാത്രികർ പാലത്തിലൂടെ പോകുമ്പോൾ എതിരെ ചെറുവാഹനം വന്നാൽ പോലും പെട്ടതുതന്നെ. പാലത്തിന്റെ കരിങ്കൽക്കെട്ടുകൾ ഇളകിമാറി സിമെന്റ് കട്ടകൾ ചാനലിൽ വീഴാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുന്നാവൂർ, അരുവിക്കര, പെരുങ്കടവിള തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഈ പാലമാണ് ഏക ആശ്രയം. അരുവിക്കര ചെക്ക് പോസ്റ്റ് കടന്ന് തമിഴ്നാട്ടിൽ നിന്നുള്ള നിരവധി വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവയ്ക്കും പാലത്തിന്റെ അവസ്ഥ ഭീഷണിയായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ആഗസ്റ്റ് 25ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിർമ്മാണച്ചെലവ്
4 കോടി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാലം നിർമ്മിക്കുന്നത്. 14 ഭൂവുടമകളിൽ നിന്ന് 9.06 ആർ. ഭൂമി പദ്ധതിക്കായി ഏറ്റെടുത്തിട്ടുണ്ടെന്ന് ഐ.ബി. സതീഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ പാലത്തിന് 21 മീറ്റർ നീളമുള്ള ഒരു സ്പാനാണുള്ളത്. 7.5 മീറ്റർ വീതിയുള്ള വാഹന സഞ്ചാരപാതയും 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതി പുതിയ പാലത്തിനുണ്ടാകും.