fire

വെഞ്ഞാറമൂട്: പുല്ലമ്പാറ കൂനൻവേങ്ങയിൽ അടുപ്പിൽ നിന്ന് തീപടർന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു. കൂനൻവേങ്ങ കിഴക്കേവിള തടത്തരികത്ത് വീട്ടിൽ നജുമാ ബീവിയുടെ വീട്ടിലാണ് തീപിടിത്തം. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും കൂട്ടിയിട്ടിരുന്ന വിറകുകളും കുടിവെള്ള ടാങ്കും ഷീറ്റ് മേഞ്ഞ മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നതിനാൽ നജുമാബീവി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അടുക്കളയിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസി ഓടിയെത്തി ഗ്യാസ് സിലിണ്ടർ പുറത്തേക്ക് നീക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലീഡിംഗ് ഫയർമാൻ ജയദേവന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. ഫയർ ആൻഡ് റസ്‌ക്യു ഓഫീസർമാരായ നിപിൻ, ഹരീന്ദ്രനാഥ്, ഷിബിൻ, ഗിരീഷ്, സജീവ്, ഹോം ഗാർഡുമാരായ പ്രഭാകരൻ, അരവിന്ദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.