തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് രാത്രികാല കർഫ്യൂവും ആൾക്കൂട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. നഗരത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് സുരക്ഷ ഒരുക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ രണ്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാർ സുരക്ഷാ ചുമതലകൾക്ക് നേതൃത്വം വഹിക്കും. നഗരത്തിലെ ഓരോ സബ് ഡിവിഷനുകളിലും അസി. കമ്മിഷണർമാരുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. നഗരാതിർത്തിയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 20 ചെക്കിംഗ് പോയിന്റുകൾ ഏർപ്പെടുത്തി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ഇവിടങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.
നഗരത്തിൽ 92 ചെക്കിംഗ് പോയിന്റുകൾ
നഗരത്തിനുള്ളിലെ പരിശോധനകൾക്ക് ത്രിതല സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തെ മൂന്നു മേഖലകളായി തിരിച്ച് എല്ലാ പ്രധാന സ്ഥലങ്ങളിലും ചെക്കിംഗ് പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. മേഖല ഒന്നിൽ 33 ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ഉം മേഖല മൂന്നിൽ 12 ഉം ഉൾപ്പെടെ നഗരത്തിൽ ആകെ 92 ചെക്കിംഗ് പോയിന്റുകളാണുള്ളത്.
പട്രോളിംഗും ശക്തമാക്കും
മദ്യപിച്ചോ മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. രാത്രി 10ന് ശേഷം അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും കേസെടുക്കും കോവളം മുതൽ കഴക്കൂട്ടം വരെയുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് 7 സ്‌പെഷ്യൽ സ്‌ട്രൈക്കറുകളും വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്സുകളും, ജീപ്പ്, ബൈക്ക് പട്രോളിംഗും ഏർപ്പെടുത്തി. സമയകൃത്യത പാലിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെയും സംഘാടകർക്കെതിരെയും നിയമനടപടി സ്വീകരിക്കും.
ട്രാഫിക്കിലും കൂടുതൽ ഉദ്യോഗസ്ഥർ
നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ട്രാഫിക് ക്രമീകരണങ്ങളുടെ ചുമതല ട്രാഫിക് സൗത്ത്, നോർത്ത് എ.സി.പിമാർക്കാണ് ട്രാഫിക് നോർത്തിൽ ഉൾപ്പെട്ട 14 സ്ഥലങ്ങൾ, സൗത്തിൽ ഉൾപ്പെട്ട 16 സ്ഥലങ്ങൾ, ബൈപ്പാസ് റോഡുകൾ എന്നിവിടങ്ങളിൽ ബൈക്ക് റേസിംഗും വാഹനങ്ങളുടെ അമിതവേഗതയും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദു ചെയ്യുന്നതുൾപ്പെടുള്ള നടപടികൾ സ്വീകരിക്കും.
കോവളത്ത് സ്പെഷ്യൽ കൺട്രോൾ റൂം
പുതുവത്സര ആഘോഷ പരിപാടികൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലും മുൻകാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. വിദേശികളടക്കം കൂടുതൽ ആൾക്കാർ ആഘോഷപരിപാടികൾക്ക് എത്തുന്ന കോവളം ബീച്ച് കേന്ദ്രീകരിച്ച് സ്‌പെഷ്യൽ കൺട്രോൾ റൂമും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.