തിരുവനന്തപുരം: കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ പതിവായി സന്ദർശിക്കാനും തൊഴിലുടമകളുമായും കരാറുകാരുമായും നല്ല ബന്ധം പുലർത്താനും ഡിവൈ.എസ്.പി മാർക്കും സ്റ്റേഷൻ മേധാവികൾക്കും പൊലീസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശം. സർക്കാരിന്റെ കൈയിൽ അഥിതി തൊഴിലാളികളുടെ കൃത്യമായ കണക്ക് ഇല്ലാത്ത പശ്ചാത്തലത്തിലാണ്. ഈ തീരുമാനം. ഇവർ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം സമീപകാലത്ത് ഏറിവരുന്നതായി സർക്കാർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തി മോഷണവും അക്രമവും നടത്തി മടങ്ങുന്ന സംഘങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ സജീവമാണ്. പരിശോധനകൾ ഇല്ലാതായതോടെ കൊടുംകുറ്റവാളികൾ പോലും വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്ത് എത്തുന്നതായി പൊലീസ് പറയുന്നു. നഗരങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരിൽ ഭൂരിഭാഗവും ലഹരിക്ക് അടിപ്പെട്ടവരാണ്. ബംഗ്ലാദേശികളായ പലരും വ്യാജ മേൽവിലാസങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ ഒപ്പം കുടിയേറിയിട്ടുണ്ട്. ഇവർ ആരൊക്കെയെന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം നൽകാനുള്ള ഡേറ്റ പൊലീസിന്റെയും ലേബർ വകുപ്പിന്റെയും പക്കലില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

കണക്കുകളിൽ പിഴവ്

കൊവിഡ് കാലത്തിന് മുമ്പ് കേരളത്തിൽ ഏകദേശം 30 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് അനൗദ്യോഗികമായുള്ള കണക്ക്. ഇപ്പോൾ എത്രപേർ ഇവിടെ താമസിക്കുന്നു എന്നതിന്റെ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ല. ഇവരുടെ കണക്കെടുക്കാൻ ലേബർ വകുപ്പ് ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.

കണക്കെടുക്കാൻ റസി. അസോസിയേഷനുകളും

നിലവിൽ റസിഡന്റ്സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ആ പ്രദേശങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരുടെ കണക്കുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അതത് പൊലീസ് സ്റ്റേഷനുകളിൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് റസിഡന്റ്സ് അസോസിയേഷനുകൾ കയറിയിറങ്ങുന്നത്.