ronald

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപം ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സുകൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ചെയർമാനും പ്രിൻസിപ്പലുമായ പൂവാർ പുല്ലുവിള മിനി കോട്ടേജിൽ എൽ.ജി. റൊണാൾഡിനെ (61) സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഊരൂട്ടുകാല അരങ്കമുഗളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക ബാദ്ധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിൽ വൻ കുടിശിക വന്നതോടെ ഈ മാസം സ്ഥാപനം ഒഴിയേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ഭാര്യാസഹോദരനെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് നാലിന് തന്നെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യാസഹോദരൻ ഫോണിൽ വിളിച്ചുവെങ്കിലും കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ച് സ്ഥാപനത്തിൽ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

കൊവിഡിനെ തുടർന്ന് സ്ഥാപനത്തിൽ ക്ലാസുകൾ നടത്താൻ കഴിയാത്തത് കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്ന അദ്ദേഹം ആരോഗ്യ വകുപ്പിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷമാണ് അഞ്ചുകൊല്ലം മുമ്പ് നെയ്യാറ്റിൻകരയിൽ സ്ഥാപനം തുടങ്ങിയത്. ആറ്റിങ്ങലിൽ ഇതിന്റെ ബ്രാഞ്ച് തുറക്കാനിരിക്കെയായിരുന്നു ലോക്ക് ഡൗൺ വന്നത്. നെയ്യാറ്റിൻകര പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഡാരറ്റ് ആണ് ഭാര്യ. മക്കൾ: ഹാർഡി, ഹൈമ.