
തിരുവനന്തപുരം: ജി.കെ. പിള്ളയുടെ നിര്യാണത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ ഏറ്റവും തലമുതിർന്ന നടന്മാരിലൊരാളെയാണ് നഷ്ടമായത്. ഗാംഭീര്യമാർന്ന വില്ലൻ വേഷങ്ങളും സ്‌നേഹനിധിയായ മുത്തച്ഛൻ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കി - മന്ത്രി സജി ചെറിയാൻ
മികവുള്ള നടനായിരുന്നു ജി.കെ. പിള്ള. ഏറെയും വില്ലൻ വേഷങ്ങളാണ് ചെയ്തതെങ്കിലും മറ്റ് റോളുകളിലും തിളങ്ങി. - മന്ത്രി വി. ശിവൻകുട്ടി
പഴയകാല സിനിമകളിലൂടെയും അടുത്ത കാലംവരെ സീരിയലുകളിലൂടെയും വിവിധ തലമുറകളുടെ ഹൃദയം കീഴടക്കിയ പ്രതിഭയായിരുന്നു - മന്ത്രി എ.കെ. ശശീന്ദ്രൻ
ബ്ലാക്ക് & വൈറ്റ് കാലം മുതൽ മലയാള സിനിമയുടെ ഭാഗമായിരുന്ന ജി.കെ.പിള്ളയുടെ ദേഹവിയോഗം സിനിമാലോകത്തിന് കനത്ത നഷ്ടമാണ് - മന്ത്രി ജി.ആർ.അനിൽ
പഴയകാല സിനിമകളിലൂടെയും അടുത്ത കാലം വരെ സീരിയലുകളിലൂടെയും വിവിധ തലമുറകളുടെ ഹൃദയം കീഴടക്കിയ നടനായിരുന്നു - സ്‌പീക്കർ എം.ബി.രാജേഷ്
തന്റേതായ അഭിനയശൈലിയിൽ എല്ലാ തലമുറകൾക്കും പ്രിയങ്കരനായി. എക്കാലവും കോൺഗ്രസിനൊപ്പം ചേർന്നുനിന്നു - വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്
മലയാള സിനിമയിലെ കാരണവരാണ് വിടവാങ്ങിയത്. ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടി. കോൺഗ്രസിന്റെ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിച്ചു - കെ. സുധാകരൻ എം.പി