
തിരുവനന്തപുരം: പട്ടാളത്തിൽ ചേർന്ന് ആറു മാസം കഴിഞ്ഞപ്പോൾ, കേശവപിള്ള ആദ്യമായി അമ്മയ്ക്ക് കത്തെഴുതി- '' എന്റെ അമ്മയ്ക്ക്, ഞാൻ മരിച്ചിട്ടില്ല '' കൂട്ടുകാരന്റെ കൈയിൽ നിന്ന് ഒരു ചക്രം കടംവാങ്ങി വീട്ടുകാരറിയാതെ സ്ഥലംവിട്ട പതിനാറുകാരൻ പട്ടാളത്തിൽ ചേർന്നകാര്യം അങ്ങനെയാണ് നാട്ടിൽ അറിഞ്ഞത്.
ചിറയിൻകീഴിൽ നിന്ന് വള്ളം കയറി തിരുവനന്തപുരത്ത് എത്തിയ പയ്യൻ കണ്ടത് സ്കൂളിലെ ആൾക്കൂട്ടമാണ്. പട്ടാളത്തിലേക്ക് ആളിനെ എടുക്കുകയാണ്. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലം. കൂട്ടത്തിൽ കയറി നിന്നു. പൊക്കമുണ്ട്, പക്ഷേ, തൂക്കം പോരെന്ന് പട്ടാളക്കാർ. തലേദിവസം നാട്ടിൽ നിന്ന് പുറപ്പെട്ടശേഷം ഒന്നും കഴിച്ചിരുന്നില്ല.കുറച്ചു പഴം വാങ്ങിക്കഴിച്ചു. ധാരാളം പച്ചവെള്ളവും കുടിച്ചു.വീണ്ടും ചെന്നുനിന്നു.തൂക്കം ശരിയായി.
തിരുനെൽവേലിക്കടുത്തെ ക്യാമ്പിൽ ആറുമാസത്തെ പരിശീലനം കഴിഞ്ഞ് കോയമ്പത്തൂരിനടുത്ത് മധുക്കരയിലേക്ക് മാറ്റിയപ്പോഴാണ് അജ്ഞാതവാസം അവസാനിപ്പിച്ച് അമ്മയ്ക്ക് കത്തെഴുതിയത്.
സിനിമയ്ക്കും തുണയായി പട്ടാള ജീവിതം
പട്ടാളത്തിൽനിന്ന് വിരമിച്ചശേഷം സിനിമയിലേക്ക് വഴിയൊരുക്കിയത് കളിക്കൂട്ടുകാരനായ പ്രേംനസീർ.വടക്കൻപാട്ട് ചിത്രങ്ങളിലെ വാൾപ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയും ഡ്യൂപ്പില്ലാതെ ചെയ്യാൻ പട്ടാളത്തിലെ പരിശീലനം തുണയായി.
വേലുത്തമ്പി ദളവയിലെ സമ്പ്രതി കുഞ്ചുനീലൻ പിള്ള, പൊന്നാപുരം കോട്ടയിലെ കറുവഞ്ചേരി കുറുപ്പ്, ഒതേനന്റെ മകനിലെ കുങ്കൻ, ഉമ്മിണി തങ്കയിലെ രാമൻ തമ്പി, ഇരുമ്പഴികളിലെ സ്ത്രീലമ്പടനായ ശങ്കരപ്പിള്ള, പഞ്ചവൻകാട്ടിലെ തന്ത്രശാലിയായ താണുപിള്ള, കൊച്ചിൻ എക്സ് പ്രസിലെ ഹോട്ടൽ മാനേജർ, പുന്നപ്ര വയലാറിലെ എസ്.ഐ രാജൻ, അഗ്നിപരീക്ഷയിലെ കൃഷ്ണക്കുറുപ്പ്, മിണ്ടാപ്പെണ്ണിലെ കുഞ്ഞിക്കേളു മേനോൻ, തുമ്പോലാർച്ചയിലെ ഉദയപ്പ ചേകവർ.... ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.
അമ്പതുകളുടെ മദ്ധ്യത്തിൽ പൊൻകുന്നം വർക്കിയുടെ രചനയിൽ എസ്.എസ്.രാജൻ സംവിധാനം ചെയ്ത 'സ്നേഹസീമ'യിൽ സ്കൂൾ മാനേജരായ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. 1988ൽ സിബി മലയിൽ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്നിൽ ഐ.ജിയായശേഷം ഒരു ഇടവേള. 2001ൽ ഈ രാവിൽ എന്ന സിനിമയിലൂടെ തിരിച്ചുവന്നു. രണ്ടാം വരവിൽ 'കാര്യസ്ഥൻ' എന്ന ദിലീപ് ചിത്രത്തിലെ പുത്തേഴത്തെ കാരണവരുടെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2018വരെ ചലച്ചിത്ര രംഗത്തുണ്ടായിരുന്നു. കുങ്കുമപ്പൂവ് സീരിയലിൽ പ്രൊഫ. ജയന്തിയുടെ അച്ഛൻ കേണൽ ജഗന്നാഥ വർമ്മയുടെ വേഷത്തിലും തിളങ്ങി.