1

പൂവാർ: തകർന്നു വീഴാറായ ഓടുമേഞ്ഞ മേൽക്കൂര. വിണ്ടുകീറിയ ചുമരുകൾ. ജീർണ്ണിച്ച ഫർണിച്ചറുകൾ, ചിതലരിക്കുന്ന ഫയലുകൾ ഇവയാണ് തിരുപുറം വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടുതന്നെ വില്ലേജ് ഓഫീസ് മന്ദിരം പുനർനിർമ്മിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. അപകടാവസ്ഥയിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിനുള്ളിൽ ജീവൻ കൈയിൽ പിടിച്ചാണ് ജീവനക്കാർ ജോലിചെയ്യുന്നത്. ഒപ്പം കാട് മൂടിയ പരിസരവും. ചോർച്ചയുള്ളതിനാൽ മഴക്കാലത്ത് ആവശ്യങ്ങൾക്കായി ഓഫീസിൽ കയറിച്ചെല്ലാൻ നാട്ടുകാർക്കും, പണിയെടുക്കാൻ ജീവനക്കാർക്കും ഭയമാണ്. ചോർന്നൊലിക്കാത്ത കെട്ടുറുപ്പുള്ളൊരു കെട്ടിടം തിരുപുറം വില്ലേജ് ഓഫീസിനായി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

അരനൂറ്റാണ്ട് മുമ്പ് പഴയകട ജംഗ്‌ഷനിലായിരുന്നു വില്ലേജ് ഓഫീസ്. അന്ന് വാടക കെട്ടിടത്തിലായിരുന്നു തുടക്കം. പഴയകട സ്വദേശി കടകത്ത് വീട്ടിൽ കേശവൻ തമ്പി വില്ലേജ് ഓഫീസറായി എത്തിയതോടെ അദ്ദേഹം നൽകിയ 10 സെന്റ് ഭൂമിയിലാണ് ഇന്ന് കാണുന്ന കെട്ടിടം നിർമ്മിച്ചത്. റോഡ് വീതി കൂട്ടിയതും, ചുറ്റുമതിൽ നിർമ്മിക്കുന്നതിന് മുമ്പുള്ള കൈയേറ്റവും വസ്തുവിൽ കുറവ് വരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസ് പുനർനിർമ്മിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് ഒരു വിശ്രമകേന്ദ്രവും നിർമ്മിക്കാൻ നടപടിയുണ്ടാകണമെന്നാണ് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നത്.

**നിലവിലെ ജീവനക്കാർ

വില്ലേജ് ഓഫീസർ..1

സ്പെഷ്യൽ വില്ലേജ് ഓഫീസർമാർ...2

വില്ലേജ് അസിസ്റ്റന്റ്...2

ഡഫേദാർ.1

** ഓഫീസിനെ ആശ്രയിക്കുന്നത്

അരുമാനൂർ, എട്ടുക്കുറ്റി, നെല്ലിക്കാക്കുഴി, കാക്കത്തോട്ടം, പുത്തൻകട,​ പഴയകട, ചെക്കടി, ചർച്ച് ജംഗ്ഷൻ, കുറുമനാൽ, അരുമാനൂർക്കട, മനവേലി, പരണിയം, പുറുത്തിവിള, ചാനൽക്കര, പത്തനാവിള, അരുവള്ളൂർ, കാമ്പുകാല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ

പരിമിതിയിൽ വീർപ്പുമുട്ടി

ആവശ്യത്തിന് ജീവനക്കാർ ഉണ്ടെങ്കിലും സ്ഥലപരിമിതികാരണം നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം വേണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. എം.എൽ.എ, വകുപ്പ് മന്ത്രിമാർ, മുഖ്യമന്ത്രി തുടങ്ങിയവർക്കും നിവേദനം നൽകി. തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. ഡിപ്പാർട്ട്മെന്റ് തലത്തിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ നടപടികളൊന്നും നാളിതുവരെ നടപ്പായിട്ടില്ല. നിവേദനങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ 2019 ൽ സ്ഥലപരിമിതി പരിഹരിക്കാൻ അഡീഷണൽ റൂം അനുവദിച്ചു. ഇതിനായി 6.15 ലക്ഷം രൂപയും വകയിരുത്തി. അംഗീകൃത ഏജൻസിയായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല നൽകിയിരുന്നത്. എന്നാൽ നിലവിലുണ്ടായിരുന്ന ബാത്ത്റൂമിന്റെ ഒരു ഭാഗം കെട്ടിയടച്ച് റൂമാക്കി മാറ്റുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. കെട്ടിടത്തിന്റെ ജീർണ്ണാവസ്ഥ ബോദ്ധ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ മുൻകരുതലുകൾ സ്വീകരിക്കാത്തതിൽ ജീവനക്കാർക്കും നാട്ടുകാർക്കും ആക്ഷേപമുണ്ട്.