
വർക്കല: സഹോദരങ്ങൾക്കു വേണ്ടി ത്യാഗപൂർണ്ണമായി ജീവിക്കുന്ന മൂത്ത സഹോദരന്റെ വേഷമിട്ട, 1956ൽ പുറത്തിറങ്ങിയ 'കൂടപ്പിറപ്പ്' എന്ന സിനിമ ജി.കെ.പിള്ള എന്ന നടന് ഒരിക്കലും മറക്കാനാവുമായിരുന്നില്ല. കാരണം മലയാള സിനിമാചരിത്രത്തിലാദ്യമായി അഭിനയത്തിന് അവാർഡ് ലഭിക്കുന്നത് അദ്ദേഹത്തിനായിരുന്നു. മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷനാണ് മികച്ച നടനുളള അവാർഡ് നൽകിയത്. മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആദ്യ അവാർഡ് കൂടിയായിരുന്നു അത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിലെ സിനിമകൾക്കാണ് അസോസിയേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 1969 മുതലാണ് സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡ് നൽകി തുടങ്ങിയത്. ഈ കാലമായപ്പോഴേക്ക് ജി.കെ.പിളള വില്ലൻ വേഷങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞിരുന്നു. പ്രേംനസീറിന്റെ അനുജൻ പ്രേംനവാസ് ആദ്യമായി നായകവേഷത്തിൽ അഭിനയിച്ചതും കൂടപ്പിറപ്പിലായിരുന്നു. 'തുമ്പി തുമ്പി വാ വാ..' എന്ന ഗാനത്തിലൂടെ വയലാർ രാമവർമ്മ സിനിമാഗാനങ്ങൾ എഴുതി തുടങ്ങിയതും ഈ ചിത്രത്തിലാണ്.
1958ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത നായരുപിടിച്ച പുലിവാലിലും ജി.കെ.പിള്ളയുടേത് മികച്ച പ്രകടനമായിരുന്നു. മലയാള സിനിമയിലെ ലക്ഷണമൊത്ത ആദ്യത്തെ വില്ലൻ കഥാപാത്രമായിരുന്നു ഈ സിനിമയിൽ. മലയാളസിനിമയിൽ ആദ്യമായി ഒരു പുലിയുമായി നേർക്കുനേർ മൽപ്പിടിത്തം നടത്തിയ നടനും ജി.കെ.പിള്ളയാണ്. നായരുപിടിച്ച പുലിവാലിലെ വില്ലൻകഥാപാത്രത്തെ സർക്കസ് കൂടാരത്തിൽ വച്ച് പുലി ആക്രമിച്ച് കൊല്ലുന്ന രംഗം നാല് ദിവസംകൊണ്ടാണ് ചിത്രീകരിച്ചത്. പഴയ പട്ടാളക്കാരന്റെ വീര്യത്തോടെ ഡ്യൂപ്പില്ലാതെയാണ് ജി.കെ.പിളള പുലിയുമായി ഏറ്റുമുട്ടിയത്. പിള്ളയുടെ പുലിയുമായിട്ടുളള ആ ഏറ്റുമുട്ടൽ രംഗങ്ങളാണ് ഡ്യൂപ്പില്ലാതെ സാഹസികരംഗങ്ങൾ അഭിനയിക്കാൻ തനിക്ക് പ്രചോദനം നൽകിയതെന്ന് നടൻ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
67 വർഷമാണ് ജി.കെ.പിള്ള മലയാളസിനിമയിൽ നിറഞ്ഞു നിന്നത്. പുതിയ തലമുറയിലെവരെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു. ആദ്യചിത്രമായ സ്നേഹസീമയിൽ അഭിനയിക്കുമ്പോൾ പിള്ളയ്ക്ക് 29 വയസായിരുന്നു. ഇടക്കാലത്ത് രാഷ്ട്രീയത്തിലും ഇടപെട്ടെങ്കിലും അവിടെയുണ്ടായ തിക്താനുഭവങ്ങൾ കൂടുതൽ സജീവമാകുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.