
കാട്ടാക്കട: കാട്ടാക്കട താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന് കാട്ടാക്കടയിൽ ആസ്ഥാനമന്ദിരം പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. യൂണിയന് കീഴിലെ 98 കരയോഗങ്ങളിൽ നിന്നും വനിതാസമാജം-പോഷക സംഘടനകൾ, സമുദായ സ്നേഹികളിൽ നിന്നും സ്വരൂപിച്ച ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്.
ബഹുനില മന്ദിരത്തിന്റെയും ആചാര്യ സ്മൃതി മണ്ഡപത്തിന്റെയും ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് എൻ.എസ്.എസ് എക്സിക്യുട്ടീവ് അംഗവും തിരുവനന്തപുരം യൂണിയൻ പ്രസിഡന്റുമായ എം.സംഗീത് കുമാർ നിർവഹിക്കും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻപിള്ള,നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ്,നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ,കാട്ടാക്കട യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഗോപാലകൃഷ്ണൻ നായർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ എം. മഹേന്ദ്രൻ, ജയകുമാർ എന്നിവർ പങ്കെടുത്തു.