
ഗുരുദർശനങ്ങൾ സർക്കാർ സംവിധാനങ്ങൾ ഏറ്റെടുക്കണം
തിരുവനന്തപുരം: ഗുരു ജന്മമെടുത്ത മലയാള നാട്ടിലെ രാഷ്ട്രീയ അക്രമസംഭവങ്ങൾ നമുക്കെല്ലാം നാണക്കേടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശിവഗിരി തീർത്ഥാടക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുവിനെയും ഗുരുവിന്റെ സന്ദേശങ്ങളെയും ഉൾക്കൊള്ളാൻ ഇപ്പോഴും മലയാളികൾക്ക് കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കഴിഞ്ഞ ദിവസത്തെ കൊലപാതകങ്ങൾ. മതാതീതമായ ഗുരുദർശനങ്ങളോട് യോജിക്കാൻ ആർക്കും ബുദ്ധിമുട്ടുമുണ്ടാകേണ്ടതില്ല. വിശ്വഗുരുവായ ഗുരുദേവനെ മനുഷ്യരിലേക്ക് അടുപ്പിക്കുകയെന്നത് ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ മാത്രം ബാദ്ധ്യതയല്ല. ഗുരുദർശനം കേരളത്തിന്റെ മണ്ണിൽ മാത്രം ഒതുങ്ങേണ്ടതുമല്ല. സകലജനവിഭാഗങ്ങളും സർക്കാർ സംവിധാനങ്ങളും ഗുരുവിനെയും അദ്ദേഹത്തിന്റെ മഹത്തായ ദർശനത്തെയും ഏറ്റെടുക്കേണ്ട കാലമാണിത്. അതിനുള്ള മാർഗ്ഗമായി ശിവഗിരി തീർത്ഥാടനം മാറണം.
ഗുരു ജന്മമെടുത്തതു കൊണ്ട് നാം ഇന്ന് ആത്മാഭിമാനത്തോടെ ജീവിക്കുന്നു. നവോത്ഥാന നായകനായി യുഗപുരുഷനെ വിശേഷിപ്പിക്കുന്നതോടൊപ്പം, ഗുരുദേവൻ നമ്മുടെ ദൈവമാണെന്ന് തന്നെ പറയണം. നമ്മുടെ ആരാധനാ മൂർത്തിയാണ് ഗുരു. ഗുരുദേവന്റെ ദേഹിയും ദേഹവും വിലയം പ്രാപിച്ച മണ്ണാണ് ശിവഗിരി. ഈ പുണ്യ ഭൂമിയിലേക്കുള്ള ഏത് യാത്രയും തീർത്ഥാടനം തന്നെ. എങ്കിലും ഗുരുദേവൻ വിഭാവനം ചെയ്ത ധനുമാസത്തിലെ ഈ തീർത്ഥാടന നാളുകൾ പവിത്രവും പുണ്യദായകവുമാണ്. ജാതിമത ഭേദമെന്യേ മനുഷ്യരെ ശിവഗിരിയിലെ ഗുരു സന്നിധിയിലേക്ക് ആനയിക്കാൻ കഴിയണം. രാഷ്ട്രീയ വൈരവും മതസ്പർദ്ധയും വ്യക്തിവൈരാഗ്യങ്ങളും അക്രമവാസനകളും ഇല്ലാതാകാൻ ശിവഗിരിയും ഗുരുദർശനവും സഹായകരമാകും. മതത്തിന്റെ പേരിൽ കൊല്ലും, കൊലയും വിവേചനങ്ങളും രൂക്ഷമാകുന്ന ലോകത്ത് ശ്രീനാരായണഗുരുവാണ് യുക്തമായ മറുപടി- വെളളാപ്പള്ളി പറഞ്ഞു.
യൂസഫ് അലി യഥാർത്ഥ ഗുരുഭക്തൻ
വ്യവസായ പ്രമുഖൻ എം.എ. യൂസഫ് അലി യഥാർത്ഥ ശ്രീനാരായണഗുരുഭക്തനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണമെന്നാണ് ഗുരു പറഞ്ഞത്. ലോകം മുഴുവൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യൂസഫ് അലി അനേകായിരം പേർക്ക് ജോലിയും ജീവിതോപാധിയും നൽകി. സാധിക്കാവുന്നവരെയെല്ലാം സഹായിക്കുന്നു. ശിവഗിരി മഠത്തിന്റെ വികസനത്തിന് അദ്ദേഹം കൈയയച്ച് സഹായങ്ങൾ നൽകുന്നു. ഗുരുദർശനത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊണ്ടവർക്കാണ് ഇങ്ങിനെ ചെയ്യാനാവുക.