coconut

തിരുവനന്തപുരം: തേങ്ങയുടെ വിലത്തകർച്ച തടയാൻ കിലോയ്‌ക്ക് 32 രൂപ താങ്ങുവില നൽകി കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ കൃഷിവകുപ്പിന്റെ മാർഗനിർദ്ദേശങ്ങളായി. അഞ്ച് മുതൽ സംഭരണം തുടങ്ങും.

തേങ്ങ സംഭരണവും ഉണക്കുന്നതും സൂക്ഷിക്കുന്നതും എങ്ങനെയാകണം, ഒരു കർഷകനിൽ നിന്ന് സ്വീകരിക്കുന്ന തേങ്ങയുടെ കണക്ക് തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖ ഇന്ന് പുറത്തിറക്കും. സംസ്ഥാന സർക്കാർ താങ്ങുവിലയിട്ട് നാളികേരം സംഭരിക്കുന്നതറിഞ്ഞ് അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ളവർ തേങ്ങ നൽകാൻ തയാറായിട്ടുണ്ട്. എന്നാൽ സംഭരണത്തിൽ സംസ്ഥാനത്തെ കർഷകർക്ക് മുൻഗണന നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

തേങ്ങ സംഭരിക്കുന്നതിനൊപ്പം ഗുണമേന്മയും ഉറപ്പുവരുത്തും. തേങ്ങ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും സർക്കാർ നടപ്പാക്കും. പച്ചത്തേങ്ങയ്ക്കൊപ്പം വിലയിടിയുന്ന കൊപ്രയുടെ കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. കൊപ്രയ്ക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവില 105.90 രൂപയാണ്. കേരഫെഡിനെ കൂടാതെ നാളകേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്ത് തല സമിതികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാൻ കൃഷി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. പച്ചത്തേങ്ങയുടെ സംഭരണ വില കിലോയ്ക്ക് 32 രൂപയായി പ്രഖ്യാപിച്ചത് ഈ വർഷത്തെ ബഡ്ജറ്റിലാണ്.

 ആട്ടുകൊപ്രയ്‌ക്കും ഉണ്ടകൊപ്രയ്‌ക്കും

വില പുതുക്കി

എഫ്.എ.ക്യൂ നിലവാരത്തിലുള്ള ആട്ടു കൊപ്രയുടേയും ഉണ്ടകൊപ്രയുടെയും 2022 സീസണിലെ താങ്ങുവില കേന്ദ്രം പുതുക്കി. ആട്ടു കൊപ്ര ക്വിന്റലിന് 10,​590 രൂപയും ഉണ്ടകൊപ്ര ക്വിന്റലിന് 11,​000 രൂപയുമാണ് പുതുക്കിയ വില. കഴിഞ്ഞ സീസണിൽ ഇത് യഥാക്രമം 10,​335രൂപയും 10,600 രൂപയും ആയിരുന്നു. ഇതോടെ ആട്ടുകൊപ്രയ്ക്ക് 51.85 ശതമാനവും ഉണ്ട കൊപ്രയ്ക്ക് 57.73 ശതമാനവും കൃഷിക്കാർക്ക് അധിക വരുമാനം ലഭിക്കുമെന്ന് നാളികേര വികസന ബോർഡ് ഓഫീസ് അറിയിച്ചു.