
തിരുവനന്തപുരം: ദത്ത് വിവാദത്തിലെ പരാതിക്കാരിയായ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെയായിരുന്നു വിവാഹം. തടസങ്ങൾ നീങ്ങി പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതും തന്റെ കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷത്തിലുമാണ് അനുപമ. കുഞ്ഞുമായാണ് വിവാഹം രജിസ്റ്റർ ചെയ്യാനായി ഇരുവരും രജിസ്ട്രാർ ഓഫീസിലെത്തിയത്. അജിത്തിന്റെ രണ്ട് സഹോദരന്മാരും സുഹൃത്തും സുഹൃത്തിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഏറെ വിവാദങ്ങളിലൂടെയും അധിക്ഷേപങ്ങളിലൂടെയും കടന്നുപോയ 2021ന്റെ അവസാന ദിനം ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായി മാറിയതിൽ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു. കുഞ്ഞിനെ തങ്ങളിൽ നിന്ന് അകറ്റിയവർക്കെതിരെയുള്ള നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി.