തിരുവനന്തപുരം: നഗരത്തിലെ പുതുവർഷ ആഘോഷത്തിന് പതിവിലും കനത്ത നിയന്ത്രണങ്ങളുമായിട്ടായിരുന്നു ഇത്തവണ പൊലീസ്.
രാത്രികാല കർഫ്യൂവും ആൾക്കൂട്ട നിയന്ത്രണങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയായിരുന്നു സുരക്ഷയും പരിശോധനയും. രാവിലെ മുതൽ ഭാഗികമായും വൈകിട്ട് പൂർണമായും പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും പൊലീസ് പരിശോധന നടത്തി.
നഗരത്തെ മൂന്നു മേഖലകളായി തിരിച്ച് എല്ലാ പ്രധാന സ്ഥലങ്ങളിലും ചെക്കിംഗ് പോയിന്റുകൾ ഒരുക്കിയിയിരുന്നു. മേഖല ഒന്നിൽ 33 ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ഉം മേഖല മൂന്നിൽ 12 ഉം ഉൾപ്പെടെ നഗരത്തിൽ ആകെ 92 ചെക്കിംഗ് പോയിന്റുകളിലായിരുന്നു പരിശോധന. കോവളം മുതൽ കഴക്കൂട്ടം വരെയുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് 7 സ്‌പെഷ്യൽ സ്‌ട്രൈക്കറുകളും വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ട്രൈക്കിംഗ് ഫോഴ്സുകളും, ജീപ്പ്, ബൈക്ക് പട്രോളിംഗും സംഘങ്ങളും പരിശോധനയ്ക്കുണ്ടായിരുന്നു.വൈകിട്ട് ഗതാഗത കുരുക്കും നഗരത്തിൽ രൂക്ഷമായിരുന്നു.
നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
പുതുവത്സര ആഘോഷ പരിപാടികൾ നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലും മുൻകാലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. വിദേശികളടക്കം കൂടുതൽ ആൾക്കാർ ആഘോഷപരിപാടികൾക്ക് എത്തുന്ന കോവളം ബീച്ച് കേന്ദ്രീകരിച്ച് സ്‌പെഷ്യൽ കൺട്രോൾ റൂമും പ്രവർത്തിച്ചു.