
വിഴിഞ്ഞം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ മരിയൻ തീർത്ഥാടന കേന്ദ്രമായ വിഴിഞ്ഞം പരിശുദ്ധ സിന്ധുയാത്ര മാതാ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഇടവക വികാരി ഫാ. മൈക്കിൾ തോമസ് കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് അതിരൂപത വികാരി ജനറൽ ഡോ. സി. ജോസഫിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയും എപ്പിസ്കോപ്പൽ വികാരി ഡോ. തോമസ് നെറ്റോ വചന പ്രഘോഷണവും നടത്തി. 8ന് വൈകിട്ട് 6.30ന് പരിശുദ്ധ സിന്ധുയാത്ര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പഴയപള്ളിയിൽ നിന്ന് ആരംഭിച്ച് പുതിയ പള്ളിയിൽ എത്തിച്ചേരും, തുടർന്ന് ആഘോഷമായ സന്ധ്യാവന്ദന പ്രാർത്ഥനയും. തിരുനാൾ സമാപന ദിനമായ 9ന് വൈകിട്ട് 5.30ന് തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷൻ സൂസപാക്യം മെത്രാപ്പൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടത്തും. തിരുനാൾ തിരുക്കർമ്മങ്ങളും ആഘോഷങ്ങളും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഇടവക ഭാരവാഹികൾ പറഞ്ഞു.