sivagiri

ശിവഗിരി : മഹാസമാധിയെ വണങ്ങി സായൂജ്യ പുണ്യം നുകർന്ന് അണമുറിയാതെ പ്രവഹിച്ച ഭക്തജങ്ങൾ ഇനി അടുത്ത കൊല്ലം തീർത്ഥാടനത്തിനെത്താമെന്ന പ്രതീക്ഷ പങ്കുവച്ച് ഇന്ന് മടങ്ങും. പുതുവർഷപുലരിയിൽ പുത്തൻ പ്രതീക്ഷകളും പ്രത്യാശയുമായി മറ്റൊരു തീർത്ഥാടനത്തിന് കൂടി സമാപനം. ശാരദാദേവിയെ വണങ്ങി കുഞ്ഞുങ്ങളെ ആദ്യക്ഷരം കുറിക്കാനും ചോറൂണിനുമായി നിരവധി പേരാണെത്തിയത്.
മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാ ദിനമായ ഇന്ന് രാവിലെ 8 ന് വിശേഷാൽ സമാരാധനയും പുഷ്പകലശാഭിഷേകവും നടക്കും. രാവിലെ 7.30 ന് ശിവഗിരി ശാരദാമഠത്തിൽ നിന്നും മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 കലശങ്ങളുമായി നാമജപത്തോടും പഞ്ചവാദ്യ മേളങ്ങളോടും പ്രയാണം നടത്തും. തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകവും വിശേഷാൽ പൂജയും .രാവിലെ 9.30 ശ്രീനാരായണപ്രസ്ഥാന സംഗമം.മന്ത്രി പി.പ്രസാദ് ഉദ്‌ഘാടനം ചെയ്യും.ജി.ഡി.പി ചീഫ് പേട്രൺ ഡോ .കെ.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.

വൈകിട്ട് 5 ന് സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കും. എസ് .എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,കർണ്ണാടക മന്ത്രി ഡോ .അശ്വത് നാരായൺ എന്നിവർ സംസാരിക്കും.