
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ ദാർശനികത പ്രത്യേക വിഷയമാക്കിയാൽ സഭയുടെ കീഴിലുള്ള സ്വയം ഭരണ കോളേജുകളിൽ ഉൾപ്പെടെ പഠന വിഷയമാക്കാൻ തയ്യാറാണെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു .ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുദേവ ദർശനത്തെക്കുറിച്ചുള്ള പാഠ്യപദ്ധതി തയാറാക്കണം. മനുഷ്യ മനസിന്റെ നന്മയെ ആദരിക്കുന്ന ദർശനമാണ് ശ്രീനാരായണഗുരു ലോകത്തിന് നൽകിയത്. ഗുരുവിന്റെ ദാർശനിക ചിന്തകൾ മനസിന് വേറിട്ട ഭാവം നൽകുന്ന അനുഭവമാണ്. , മനുഷ്യനേയും മനുഷ്യ മനസിനേയുമാണ് ആദരിക്കേണ്ടതെന്നും ഗുരു പഠിപ്പിച്ചു. ഗുരുദേവ ദർശനം ലോകമെമ്പാടും എത്തിക്കേണ്ട കാലമാണിതെന്നും ക്ലിമ്മീസ് പറഞ്ഞു.
ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അടുത്ത വർഷം ആരംഭിക്കുന്ന 12 ഡിഗ്രി കോഴ്സുകളിലൊന്ന് ഗുരുദേവ ദർശനമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പറഞ്ഞു. ഗുരു ചിന്ത പഠിപ്പിക്കുക മാത്രമല്ല ,അത് സമൂഹത്തിൽ എങ്ങനെ വിപ്ലവം സൃഷ്ടിക്കനാവുമെന്നത് പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബോർഡ് ചെയർമാൻ ബി.അശോക് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ബി.സുഗീത, യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ടി. രാധാകൃഷ്ണൻ , ശ്രീ നാരായണ സഹോദരസംഘം ജനറൽ സെക്രട്ടറി എ.ലാൽ സലാം, പുഷ്പവതി പൊയ്പാടത്ത്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി ഋതംഭരാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ , സ്വാമി ഗുരുപ്രകാശം തുടങ്ങിയവർ സംസാരിച്ചു.