medical-insurance

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി 'മെഡിസെപ്' ഇന്ന് ആരംഭിക്കും. പദ്ധതിയിൽ അംഗങ്ങളായി നിശ്ചയിച്ച എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പണരഹിത ചികിത്സ നൽകും. എല്ലാവർക്കും മാസ പ്രീമിയം 500 രൂപ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായാണ് കരാർ. പദ്ധതി നടത്തിപ്പിന് ധനകാര്യ വകുപ്പിന്റെ നോഡൽ സെല്ലും തർക്കങ്ങൾ പരിഹരിക്കാൻ ത്രിതല സംവിധാനവും ഉണ്ടാവും.

ഗുണഭോക്താക്കൾ

സർക്കാർ ജീവനക്കാർ,പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ,പാർട് ടൈം അദ്ധ്യാപകർ, എയ്ഡഡ് ഉൾപ്പെടെയുള്ള അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ,പെൻഷൻകാർ,കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും നിർബന്ധമായും അംഗങ്ങളാണ്.

സംസ്ഥാന സർക്കാരിന്റെ ഭാഗമായ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും ആശ്രിതരും ഐശ്ചിക ഗുണഭോക്താക്കളായിരിക്കും.

വിരമിച്ച എം.എൽ.എ.മാരെയും ഉൾപ്പെടുത്തും.

സർക്കാർ ധനസഹായമുള്ള സർവകലാശാലകളിലേയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ,കുടുംബ പെൻഷൻകാർ എന്നിവരും,മുഖ്യമന്ത്രി,മന്ത്രിമാർ,പ്രതിപക്ഷ നേതാവ്,ചീഫ് വിപ്പ്, സ്പീക്കർ,ഡെപ്യൂട്ടി സ്പീക്കർ,ധനകാര്യ കമ്മിറ്റികളിലെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്,പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബപെൻഷൻകാർ എന്നിവരും ആശ്രിതരും.

ആശുപത്രികൾ

എംപാനൽ ചെയ്യപ്പെട്ട പൊതു,​ സ്വകാര്യ ആശുപത്രികളിൽ മാത്രം പരിരക്ഷ.

ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിലും പരിരക്ഷ.

ഒ.പി. ചികിത്സ ഉൾപ്പെടുന്നില്ല.

കേരള ഗവൺമെന്റ് സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും എല്ലാ സർക്കാർ ആശുപത്രികളിലെയും, തിരുവനന്തപുരം ആർ.സി.സി., ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് മെഡിക്കൽ റിഇംബേഴ്സ്‌മെന്റ് തുടരും.

പോളിസി ഇങ്ങനെ

ഓരോ കുടുംബത്തിനും മൂന്ന് വർഷത്തെ പോളിസിയിൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ അടിസ്ഥാന പരിരക്ഷ.

ഓരോവർഷവും നിശ്ചയിച്ചിരിക്കുന്ന 1.5ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ നഷ്ടമാകും.

ഫ്‌ളോട്ടർ തുകയായ 1.5ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ പോളിസിയുടെ തുടർന്നുള്ള വർഷങ്ങളിലേക്ക് വകവയ്‌ക്കും.