മാനന്തവാടി: മാനന്തവാടി പയ്യമ്പള്ളി കുറുക്കൻമൂല പ്രദേശത്ത് കടുവാ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ പോത്ത്, പശു, ആടുകൾ എന്നിവയെ കൊന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പകൽ കോട്ടമൂല തെനംകുഴി ജെയിംസിന്റെ ആടിനെ കടുവ കൊണ്ടുപോയി. വീടിന് സമീപം കെട്ടിയിട്ടതായിരുന്നു ആടിനെ. രാത്രി തെനംകുഴി ജിൽസിന്റെ രണ്ടു വയസ്സുള്ള ആടിനെ കൊണ്ടു പോകുകയും, ഏഴ് മാസം പ്രായമുള്ള ആടിനെ കൂട്ടിൽ കൊന്നിടുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് പാതിരിപ്പൊയിൽ കുറിച്യ കോളനിയിലെ ബാബുവിന്റെ പോത്തിനെ കടുവ കൊന്നിരുന്നു. അതിനടുത്ത ദിവസം അദ്ദേഹത്തിന്റെ ഒന്നര വയസ്സുള്ള പശുവിനേയും കൊന്നു. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണത്തിൽ ഭയാശങ്കയിലാണെന്നും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാരുടെ ആവശ്യപ്പെടുന്നു.