sruthi

സുൽത്താൻ ബത്തേരി: ഒറ്റ എ ഫോർഷീറ്റിൽ പ്രശസ്തരായ 60 പേരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തുകൊണ്ട് കൈവട്ടാമൂല സ്വദേശിയായ എസ്.ശ്രുതി സ്റ്റെൻസിൽ ആർട്ടിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നേടി.
വിവിധ മേഖലകളിൽ പ്രശസ്തരായ 60 പേരുടെ ചിത്രങ്ങളാണ് ഒറ്റ ഷീറ്റിൽ പകർത്തിയത്. കൊവിഡ് കാലത്ത് സമയം ചെലവഴിക്കാനായി തുടങ്ങിയി വിദ്യയാണ് ഈ മിടുക്കിയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലെത്തിച്ചത്. സ്വതന്ത്ര്യ സമര സേനാനികൾ, രാഷ്ട്രതലവൻമാർ, രാഷ്ട്രീയ-മതനേതാക്കൾ, കലാ-കായികമേഖലയിലെ പ്രശസ്തർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഉൾക്കൊള്ളിച്ചത്.
രണ്ട് ദിവസമാണ് അറുപത് പേരുടെ ചിത്രങ്ങൾ എ ഫോറിൽ ചെയ്തു തീർക്കാൻ എടുത്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ പ്രവേശനം നേടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ശ്രുതി. നടവയൽ ഗ്രാമീൺ ബാങ്ക് മാനേജർ കൈവട്ടാമൂല വായംപറമ്പിൽ വി.പി.ശശീന്ദ്രന്റെയും അമ്പലവയൽ കെ.എസ്.എഫ്.ഇ അസി മാനേജർ ബി.ഷീബയുടെയും രണ്ടാമത്തെ മകളാണ് ശ്രുതി. സഹോദരി ശിൽപ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.