chimbran

പൂതാടി: ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് അൻപതുകാരൻ മരിച്ചു. പൂതാടി ഹൈസ്‌കൂളിന് സമീപം വയൽവാടി കോളനിയിലെ ചിമ്പ്രനാണ് ദാരുണാന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന് കുരുമുളക് ചെടിയുടെ ഉള്ളിൽ വന്നു കൂടിയ ഉറുമ്പ്കൂട് ഇരുമ്പ് വടികൊണ്ട് കുത്തി താഴെയിടുന്നതിനിടെ അബദ്ധത്തിൽ സമീപത്തെ വൈദ്യതി ലൈനിൽ തട്ടിയതായിരുന്നു. പിടഞ്ഞുവീണ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഭാര്യ തങ്കമ്മയ്ക്കും ഷോക്കേറ്റു. ഉറുമ്പ് കൂട് കളയാതെ കുരുമുളക് പറിക്കാൻ കഴിയില്ലെന്നു വന്നതോടെ ചിമ്പ്രൻ അയൽവാസിയുടെ വീട്ടിൽ നിന്ന് ഇരുമ്പിന്റെ തോട്ടി എടുത്തു വന്നതായിരുന്നു. മുളക് വള്ളി പടർത്തിയ മരത്തിനടുത്തുള്ള മരത്തിൽ കയറി ഉറുമ്പിൻകൂട് കുത്തിയിടാനുള്ള ശ്രമത്തിനിടയിലാണ് അപകടം.

സിജിത, സന്ധ്യ, ബിജിത, അജിത് എന്നിവർ മക്കളാണ്. മരുമക്കൾ: ബാലൻ, സുനീഷ്, ഷിനു.

കേണിച്ചിറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.