മാനന്തവാടി: കുറുക്കൻമൂലയിൽ കടുവ നാട്ടിലിറങ്ങി അക്രമം തുടർന്നതോടെ, രണ്ട് മാസത്തോളമായി ഒഴിഞ്ഞ് കിടക്കുകയായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ തസ്തികയിലേക്ക് പുനർ നിയമനത്തിന് ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുനർനിയമനത്തിന് വേണ്ടി ഏറെനാളായി ആവശ്യമുയർന്നതാണ്.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയുമായി ബന്ധപ്പെട്ടാണ് വൈൽഡ് ലൈഫ് വാർഡനായിരുന്ന ബെന്നിച്ചൻ തോമസിനെ സസ്‌പെന്റ് ചെയ്തത്. ഈ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കുകയോ, പകരം ചുമതല നൽകുകയോ ചെയ്തിരുന്നില്ല. കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിന് കൂട് വെക്കാൻ വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടും ഉത്തരവിൽ ഒപ്പിടാൻ ആളില്ലാത്തതാണ് ഡി.എഫ്.ഒ ഓഫീസ് ഉപരോധം രാത്രിവരെ നീണ്ടുപോകാൻ കാരണം.
അനുമതിക്ക് അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്
ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങി വളർത്ത് മൃഗങ്ങളെ കൊല്ലുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് അന്തർസംസ്ഥാന പാത ഉപരോധം, ഡിഎഫ്ഒ ഓഫീസ് ഉപരോധം എന്നിവ നടക്കുകയും കൂട് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തെങ്കിലും അനുമതി ഉത്തരവിൽ ഒപ്പിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡന്റ് തസ്തിക ഒഴിഞ്ഞ് കിടക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രയാസത്തിലാക്കിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ് നടപടിക്രമങ്ങൾ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമെ ഇത്തരം ഉത്തരവുകൾ നൽകാൻ അനുമതിയുള്ളു.
ഒ.ആർ.കേളു എം.എൽ.എ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുകയും ബെന്നിച്ചൻ തോമസിനെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ച് ഉത്തരവിറക്കുകയുമായിരുന്നു. ഇതോടെയാണ് കൂട് വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാവിലെ ഉത്തരവിറക്കിയത്. കടുവ നിമിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡനെ നിയമിച്ച് ഉത്തരവിറങ്ങിയത് വനം വകുപ്പ് ജീവനക്കാർക്കും ആശ്വാസമായി.