
സുൽത്താൻ ബത്തേരി: പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മീൻപിടിക്കാനും തോട്ടങ്ങളിൽ അടക്കാപറിക്കാനും ,കാപ്പി പറിക്കാനുമായി പോയികൊണ്ടിരുന്ന ഗോത്ര വർഗ കുട്ടികൾ ഒടുവിൽ ചൂണ്ടയിൽ കുരുങ്ങി ക്ലാസ് മുറികളിലേയ്ക്ക് തന്നെ. കുട്ടികളുടെ നൈസർഗീകമായ കഴിവിനെ പരിപോഷിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് ചൂണ്ട.
സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൂടുതൽ ഗോത്ര വർഗകുട്ടികൾ പഠിക്കുന്ന സ്കൂളാണ് മുത്തങ്ങ എൽ.പി സ്‌കൂൾ. സ്‌കൂളുകളിലെത്തുന്ന ആദിവാസി കുട്ടികളിൽ ഭൂരിഭാഗം വിദ്യാർത്ഥികളും വിദ്യാലയത്തിലെത്താതായപ്പോൾ അദ്ധ്യാപകർ കൊഴിഞ്ഞുപോക്കിന്റെ കാരണം തേടി. അപ്പോഴാണ് കുട്ടികളിൽ പലരും പുഴയിൽ മീൻപിടിക്കാനും തോട്ടങ്ങളിൽ അടക്കയും കാപ്പിയും പറിക്കാനും പോവുകയാണെന്ന് മനസിലായത്. ഇക്കാര്യം അദ്ധ്യാപകർ വയനാട് ഡയറ്റിലെ ഡോ.അഭിലാഷ് ബാബു, സതീഷ്ചന്ദ്രൻ എന്നിവരുമായി പങ്കുവെച്ചു. കുട്ടികൾ സ്‌കൂളിൽ വരാതിരിക്കുന്നതിന്റെ കാര്യങ്ങളിലേക്ക് ഇറങ്ങിചെന്നപ്പോഴാണ് അവർ അവരുടെതായ ഒരു ജീവിത രീതികളിലൂടെയാണ് പോകുന്നതെന്ന് മനസിലായത്.
സ്‌കൂളിൽ പോകാതെ കുട്ടികളെല്ലാം മീൻ പിടിക്കാൻ പോകുന്നു. ചൂണ്ടയിടുക എന്നത് ഇവരുടെ നൈസർഗീകമായ ഒരു വാസനയാണ്. സ്‌കൂളിൽ ചുണ്ടയിട്ട് മീൻ പിടിക്കാനുള്ള ഒരു അവസരമുണ്ടാക്കിയാൽ കുട്ടികൾ വിദ്യാലയങ്ങളിലെത്തും എന്ന ചിന്തയാണ് 'ചൂണ്ട' പദ്ധതിയ്ക്ക് വഴിയൊരുക്കിയത്. ചൂണ്ടയുടെ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്തുകയാണ് ഇതുവഴി.
ഇതിനായി സ്‌കൂളിനോട് ചേർന്ന് ഒരു മീൻ കുളം നിർമ്മിച്ച് അതിൽ മീനിനെ വളർത്തിയാണ് ചൂണ്ടയിട്ട് മീനിനെ പിടിക്കുന്നത്. ഇത് വെറും ഒരു മീൻ പിടുത്തം മാത്രമല്ല. കണക്കിലേക്ക് വരുമ്പോൾ കുളത്തിന്റെ വീതിയും നീളവും കണ്ടെത്തും. പലരുടെയും ചൂണ്ട പല വലുപ്പത്തിലുള്ളതാണ്. ഇതിന്റെ അളവ് കണക്കിലൂടെ ബോധ്യപ്പെടുത്തും. അതുപോലെ മീൻ പിടിക്കുമ്പോൾ ആലപിക്കുന്ന ഗാനങ്ങളും പരിസരപഠനങ്ങളുമായി ബന്ധപ്പെടുത്തിയാണ് പഠനം രസകരമാക്കി ഗോത്ര വർഗ കുട്ടികളെ പഠിപ്പിക്കുന്നത്.
പുഴയിലും സ്‌കൂളിനോട് ചേർന്ന് നിർമ്മിച്ച കുളത്തിലും ചൂണ്ടയെറിഞ്ഞും കുട്ട (ചാട) കൊണ്ട് മീൻ കോരിയും മീൻ പിടിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കിയതോടെ വിദ്യാലയത്തിലെ കൊഴിഞ്ഞുപോക്കിനും താത്ക്കാലിക വിരാമമായി. പുസ്തകത്തിലെ കാര്യങ്ങൾ കുട്ടികളുടെ ഇഷ്ട വിനോദവുമായി ചേർത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ട്‌കൊണ്ടുപോകാൻ കഴിഞ്ഞതോടെ വിദ്യാർത്ഥികളും പഠനത്തിൽ പൂർണമായും വ്യാപൃതരായി തീർന്നു.
എസ്.സി.ഇ.ആർ.ടിയുടെയും വയനാട് ഡയറ്റിന്റെയും പിന്തുണയോടെയാണ് ഇത് പ്രാവർത്തികമാക്കിയത്. ഗോത്ര ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയുടെ പഠന പ്രവർത്തനങ്ങളിലേക്ക് വന്നതോടെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ ഇപ്പോൾ പ്രിയങ്കരമായി മാറികഴിഞ്ഞു.