കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പിന്നോക്ക വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പകൾ വിതരണം ചെയ്തു. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. 2.44 കോടി രൂപയാണ് വായ്പയായി കുടുംബശ്രീ യൂണിറ്റുകൾക്ക് അനുവദിച്ചത്. വിവിധ അയൽക്കൂട്ട യൂണിറ്റുകൾക്കുള്ള ചെക്കുകളുടെ വിതരണവും പ്രവാസി ഭദ്രത ഫണ്ട് വിതരണവും മന്ത്രി നിർവഹിച്ചു. ദാരിദ്ര ലഘൂകരണ രംഗത്ത് കുടുംബശ്രീയുടെ പങ്ക് മാതൃകാപരമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേവലം ഒരു ശതമാനത്തിൽ താഴെയാണ് സംസ്ഥാനത്തെ ദരിദ്രരുടെ എണ്ണം. അഭിമാനാർഹമായ ഈ നേട്ടം കൈവരിക്കുന്നതിന് സർക്കാരിന് കുടുംബശ്രീ നൽകിയ പിന്തുണ ഏറെ വിലപ്പെട്ടതാണ്.
കേണിച്ചിറ വൃന്ദാവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ബാബു അദ്ധ്യക്ഷത വഹിച്ചു. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ ക്ലീറ്റസ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ബാബു, മെമ്പർ സെക്രട്ടറി അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.