thuliya

സുൽത്താൻ ബത്തേരി; പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച മുഴുവൻ പട്ടിക വർഗ പഠിതാക്കൾക്കും പ്രോത്സാഹന ധനസഹായം നൽകുമെന്ന് പട്ടിക ജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പത്താം തരം വിജയികൾക്ക് 3000 രൂപയും ഹയർ സെക്കൻഡറി തുല്യത പരീക്ഷാ വിജയികൾക്ക് 5000 രൂപയുമാണ് പ്രോത്സാഹന ധനസഹായമായി നൽകുക. സുൽത്താൻ ബത്തേരി ബ്ലോക്ക് ട്രൈസം ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നവ സാക്ഷരർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും തുടർ പഠനം സാധ്യമാക്കാൻ സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യത കോഴ്സുകൾക്ക് കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി മുഴുവൻ പട്ടിക വർഗ വിദ്യാർത്ഥികൾക്കും ലാപ്‌ടോപ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സ്വയ നാസർ തുടങ്ങിയവർ സംസാരിച്ചു.